കൊച്ചി: ജപ്പാനും കേരളവും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇൻഡോ- ജപ്പാൻ ചേംബർ ഓഫ് കോമേഴ്സ് (INJACK) സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ് കൊച്ചി റമദ റിസോർട്ടിൽ വെച്ച് ഒക്ടോബർ 16 മുതൽ 18 വരെ നടക്കും. ജപ്പാനിലെയും കേരളത്തിലെയും വ്യവസായ സംരംഭകർ, സ്ഥാപനങ്ങൾ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും.
ജപ്പാൻ മേളയുടെ പ്രഖ്യാപനത്തിനായി കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇൻജാക് (INJACK) പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ്, ഇൻജാക് വൈസ് പ്രസിഡന്റും ജപ്പാൻ മേള ജനറൽ കൺവീനറുമായ ഡോ.കെ. ഇളംങ്കോവാൻ എന്നിവർ സംസാരിച്ചു. 2013-ൽ സ്ഥാപിതമായതു മുതൽ ഇൻജാക് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. വിജു ജേക്കബ് പറഞ്ഞു. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, സംസ്‌കാരം എന്നിവയിൽ ജപ്പാനുള്ള മികവ് പ്രദർശിപ്പിക്കാനും നിക്ഷേപ സാധ്യതകൾ തുറക്കാനും ജപ്പാൻ മേള അവസരമൊരുക്കുമെന്നും ഡോ.കെ. ഇളംങ്കോവാൻ അഭിപ്രായപ്പെട്ടു.
മേളയുടെ ഭാഗമായി വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകളും പാനൽ ചർച്ചകളും നടക്കും. സാങ്കേതികവിദ്യ, മാനേജ്മെന്റ്, ബിസിനസ്സ് രീതികൾ എന്നിവയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ചർച്ചാ വിഷയമാകും. തുടർന്ന് ചോദ്യോത്തര വേളയും ഉണ്ടാകും.
പത്രസമ്മേളനത്തിൽ ചെന്നൈ കോൺസൽ യുസാവ നാവോകോ, മാത്സു സിറ്റിയിലെ ഇൻഡസ്ട്രി ആൻഡ് ഇക്കണോമി ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ കോഹ്ദ തോഷിയ, ദി സാൻ-ഇൻ ഇന്ത്യ അസോസിയേഷൻ സെക്രട്ടറി ജനറൽ ഓർക്കനാമി ഹിറോഷി, എ.എസ്.എ. പ്രസിഡന്റ് പൗലോസ് കെ. വർക്കി എന്നിവരും പങ്കെടുത്തു.
2017-ൽ നടന്ന ആദ്യ ജപ്പാൻ മേള മാത്സു സിറ്റി വൈസ് മേയർ യോഷിനോബു ഹോഷിനോയാണ് ഉദ്ഘാടനം ചെയ്തത്. ജപ്പാനിലെ വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വലിയ പങ്കാളിത്തം അന്ന് ശ്രദ്ധേയമായിരുന്നു. 2023-ൽ നടന്ന രണ്ടാം പതിപ്പ്, ജാപ്പനീസ് ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ച് കേരളത്തിൽ ‘ബ്രാൻഡ് ജപ്പാൻ’ വീണ്ടും സജീവമാക്കി. കൂടാതെ ബി2ബി ആശയവിനിമയങ്ങൾക്കും വ്യവസായ ശൃംഖലകൾക്കും അത് വേദിയായി. ഈ മേളയുടെ തുടർച്ചയെന്നോണം ഈ വർഷത്തെ മൂന്നാം പതിപ്പ്, വിപുലമായ ബിസിനസ്സ് കൈമാറ്റങ്ങൾക്കും സാങ്കേതികവിദ്യാ പ്രദർശനങ്ങൾക്കും സാംസ്‌കാരിക അനുഭവങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്ന് സംഘാടകർ പറഞ്ഞു.