തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിനായി ഹൈദരാബാദിൽ നിർമ്മിക്കുന്ന ചേരികളുടെ സെറ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 30 ഏക്കർ വലുപ്പത്തിൽ നിർമ്മിക്കുന്ന ഈ ചേരി സെറ്റ് ഇന്ത്യയിൽ തന്നെ ഒരു ചിത്രത്തിനായി ഒരുക്കിയ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നാണ്. 2026 മാർച്ച് 26 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ദസറ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്.
ബാഹുബലിക്ക് വേണ്ടി ഒരുക്കിയ മഹിഷ്മതി സാമ്രാജ്യത്തിൻ്റെ സെറ്റ് പോലെ അത്രയും വലിപ്പത്തിലാണ് ഈ ചിത്രത്തിന് വേണ്ടിയുള്ള ചേരികളുടെ സെറ്റ് ഒരുങ്ങുന്നത്. ചേരിയിൽ നിന്നുയർന്ന് വരുന്ന ശക്തനായ നായകൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ പോസ്റ്ററുകളിൽ അടക്കം കാണാൻ സാധിക്കുന്ന ഒരു വമ്പൻ ആർച്ചും ഈ സെറ്റിൻ്റെ മധ്യത്തിൽ തന്നെ കാണാൻ സാധിക്കും. നായകൻ്റെ ചേരി സാമ്രാജ്യത്തിൻ്റെ ആണിക്കല്ല് പോലെയാണ് ഈ വമ്പൻ കവാടം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. “ചേരികളുടെ ബാഹുബലി” എന്നതാണ് ഈ ബ്രഹ്മാണ്ഡ സെറ്റിന് പിന്നിലെ വിഷൻ.
100 കോടി ക്ലബിൽ ഇടം പിടിച്ച ദസറയ്ക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകൻ്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും ‘ദ പാരഡൈസ്’. അനിരുദ്ധ് രവിചന്ദർ, അർജുൻ ചാണ്ടി എന്നിവരുടെ ശബ്ദത്തിൽ ഒരുങ്ങുന്ന, അനിരുദ്ധ് ഈണം പകരുന്ന ഒറിജിനൽ സൗണ്ട് ട്രാക്കും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറും.
ഇതിനോടകം പുറത്ത് വന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിലും വമ്പൻ ശ്രദ്ധ നേടുകയും ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വാനോളം ഉയർത്തുകയും ചെയ്തിരുന്നു. അതോടൊപ്പം ചിത്രം ഹോളിവുഡ് ക്രിയേറ്റീവ് ടീമുമായി സഹകരിക്കുന്നു എന്ന വാർത്തയും, ചിത്രത്തിൽ ഹോളിവുഡ് താര സാന്നിധ്യം ഉണ്ടാകുമെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ദി പാരഡൈസ്. ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.
ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ് അവതാരമായി നാനിയെ അവതരിപ്പിക്കുന്ന ചിത്രം നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്.
രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.