പട്‌ന: ബിഹാർ തലസ്ഥാനമായ പട്‌നയിലെ പരസ് ആശുപത്രിയിൽ അഞ്ചംഗ സായുധ സംഘം അതിക്രമിച്ചുകയറി ചികിത്സയിലായിരുന്ന രോഗിയെ വെടിവെച്ച് കൊലപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളിൽ, അക്രമികൾ തോക്കെടുത്ത് മുറിയിലേക്ക് അതിക്രമിച്ചു കയറുന്നതും പിന്നീട് രക്ഷപ്പെടുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വെടിയേറ്റ ചന്ദൻ മിശ്ര എന്നയാൾ ചികിത്സയിലിരിക്കെ മരിച്ചു.
കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയും ഗുണ്ടാ സംഘാംഗവുമാണ് കൊല്ലപ്പെട്ട ബക്സർ സ്വദേശിയായ ചന്ദൻ മിശ്ര. ആരോഗ്യ കാരണങ്ങളാൽ പരോളിലിറങ്ങിയ ഇയാൾ പട്‌നയിലെ പരസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതറിഞ്ഞെത്തിയ എതിർ ഗുണ്ടാ സംഘങ്ങളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.
കൊടും കുറ്റവാളിയായ ചന്ദൻ മിശ്രക്കെതിരെ 12ലധികം കൊലക്കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാളെ ബക്സറിൽ നിന്ന് ഭാഗൽപൂർ ജയിലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരോളിലിറങ്ങി ചികിത്സയ്ക്കായി പരസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എതിരാളി സംഘത്തിന്റെ ആക്രമണമാകാം ആശുപത്രിയിൽ നടന്നതെന്ന് പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് കാർത്തികേയ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിഹാർ തലസ്ഥാനത്ത് നടന്ന കൊലപാതക പരമ്പരയിലെ ഒടുവിലത്തെ സംഭവമാണിത്. വ്യവസായി ഗോപാൽ ഖേംക, ബിജെപി നേതാവ് സുരേന്ദ്ര കേവാത്, അഭിഭാഷകൻ ജിതേന്ദ്ര മഹതോ എന്നിവരടക്കമുള്ളവർ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ആശുപത്രി വെടിവെപ്പ് ഉര്‍ത്തിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചുള്ള ആശങ്കകളുയര്‍ത്തി പ്രതിപക്ഷം രംഗത്തെത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ നിതീഷ് കുമാർ നയിക്കുന്ന ജെഡിയു-ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ്.. പ്രതിപക്ഷ പാർട്ടികളായ ആർജെഡിയും കോൺഗ്രസും സർക്കാരിനെതിരെ ആഞ്ഞടിക്കാൻ ഈ സാഹചര്യം ഉപയോഗപ്പെടുത്തുന്നു.
ആശുപത്രി വെടിവെപ്പിന് പിന്നാലെ, ബിഹാറിൽ ആർക്കെങ്കിലും എവിടെയെങ്കിലും സുരക്ഷയുണ്ടോ എന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ചോദിച്ചു. “സർക്കാർ പിന്തുണയുള്ള കുറ്റവാളികൾ ഐസിയുവിൽ അതിക്രമിച്ചു കയറി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിയെ വെടിവെച്ചു. ബിഹാറിൽ ആർക്കെങ്കിലും എവിടെയെങ്കിലും സുരക്ഷയുണ്ടോ? ഇത് 2005-ന് മുമ്പ് സംഭവിച്ചിട്ടുണ്ടോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതേസമയം, കുറ്റവാളികളെ പിടികൂടുമെന്ന് ഉപമുഖ്യമന്ത്രി വിജയ് സിൻഹ ഉറപ്പുനൽകി. “ഇങ്ങനെയൊരു സംഭവം നിർഭാഗ്യകരമാണ്. ഇത് സമഗ്രമായി അന്വേഷിക്കും, കുറ്റവാളികളെ വെറുതെ വിടില്ല. കുറ്റവാളികളെ പിടികൂടി നിയമപരമായ ശിക്ഷ ഉറപ്പാക്കുമെന്നും ബിഹാർ മുഖ്യമന്ത്രി പറഞ്ഞു.