ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയ്ക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. കേസിൽ ഒരു പരിഹാരത്തിലെത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
‘‘ഞങ്ങൾ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സാധ്യമായ എല്ലാ സഹായങ്ങളും ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ ചില സൗഹൃദ സർക്കാരുകളുമായും ഞങ്ങൾ ബന്ധപ്പെട്ടിട്ടുണ്ട്. ഇതൊരു സങ്കീർണ്ണമായ കേസാണ്. തെറ്റായ വിവരങ്ങളെയും ഊഹാപോഹങ്ങളെയും അടിസ്ഥാനമാക്കിയുള്ള മാധ്യമ റിപ്പോർട്ടുകൾ ഒരിക്കലും ഗുണകരമാകില്ല. എല്ലാവരും ഇതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായും മോചിപ്പിക്കുന്നതിനുള്ള ഒരു കരാറിലെത്തിയതായും അവകാശപ്പെടുന്ന റിപ്പോർട്ടുകൾ കണ്ടു. ഇത്തരം റിപ്പോർട്ടുകൾ തെറ്റാണ്. ഞങ്ങളുടെ കൂട്ടായ ശ്രമങ്ങളുടെ ഫലമായി യെമനിലെ പ്രാദേശിക അധികാരികൾ അവരുടെ ശിക്ഷ നടപ്പാക്കുന്നത് മാറ്റിവച്ചിട്ടുണ്ട്.’’ – വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ജൂലൈ 16ന് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം എ.പി.അബൂബക്കർ മുസല്യാരുടെ ഓഫിസ് അറിയിച്ചിരുന്നു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ, 2017 ജൂലൈയിലാണ് യെമൻ പൗരനായ തലാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായത്. പിന്നീട് 2020ൽ നിമിഷപ്രിയക്ക് യെമൻ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലാണ് നിമിഷ പ്രിയ നിലവിലുള്ളത്. 2023 നവംബറിൽ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അവരുടെ അപ്പീൽ തള്ളുകയും ചെയ്തു.