ആലപ്പുഴ: ദേശീയ പാതകളിൽ ഫാസ്ടാഗ് സ്റ്റിക്കറിനു പകരം വാഹനങ്ങളുടെ നമ്പർ സ്കാൻ ചെയ്ത് ടോൾ പിരിവ് നടത്തുന്ന രീതി ദേശീയപാത അതോറിറ്റി ഉപയോഗിച്ചു തുടങ്ങുന്നു. ക്യാമറകൾ ഉപയോഗിച്ചു വാഹനങ്ങളുടെ നമ്പർ പ്ലേറ്റിൽനിന്നു നമ്പർ തിരിച്ചറിഞ്ഞ് (ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ – എഎൻപിആർ), അതുമായി ബന്ധിപ്പിച്ച ഫാസ്ടാഗിൽ നിന്നു പണം ഈടാക്കുന്ന രീതിയാണു വരുന്നത്. മേയിൽ തിരഞ്ഞെടുത്ത ടോൾപ്ലാസകളിലാകും ആദ്യഘട്ടത്തിൽ ഇതു നടപ്പാക്കുക. സംസ്ഥാനത്തെ ടോൾ പ്ലാസകളിൽ ഇതു നടപ്പാക്കുന്നതു സംബന്ധിച്ചു നിർദേശം ഇതുവരെ ലഭിച്ചിട്ടില്ല.
നിലവിൽ ടോൾ പ്ലാസകളിൽ വാഹനം നിർത്തുമ്പോൾ, വാഹനത്തിലെ ഫാസ്ടാഗ് സ്റ്റിക്കറിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സംവിധാനം വഴിയാണു ടോൾ ഈടാക്കുന്നത്. ടോൾ പ്ലാസയിലെ സ്കാനർ ഫാസ്ടാഗ് തിരിച്ചറിഞ്ഞു ടോൾ ഈടാക്കാൻ രണ്ടു സെക്കൻഡ് മുതൽ മിനിറ്റുകൾ വരെ സമയമെടുക്കുന്നുണ്ട്.
അതിനാൽ വാഹനം ടോൾ പ്ലാസയിൽ നിർത്തേണ്ടി വരും.എഎൻപിആർ സാങ്കേതികവിദ്യ വരുന്നതോടെ വാഹനം ടോൾ പ്ലാസയിലേക്കു പ്രവേശിക്കുമ്പോൾ തന്നെ നമ്പർ തിരിച്ചറിഞ്ഞു ടോൾ ഈടാക്കും. അതിനാൽ വാഹനം ടോൾ പ്ലാസയിൽ നിർത്തുന്നത് ഒഴിവാക്കാനാകും.