ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ആകാശപ്പോരാട്ട വീര്യം പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ, ലോകോത്തര നിലവാരമുള്ള ആറ് AH-64E അപ്പാച്ചി അറ്റാക്ക് ഹെലികോപ്റ്ററുകളിൽ ആദ്യത്തെ മൂന്നെണ്ണം അടുത്ത ആഴ്ച ഇന്ത്യയിലെത്തുന്നു! 2020-ൽ അമേരിക്കയുമായി ഒപ്പുവെച്ച കരാർ പ്രകാരമുള്ള ഇവരുടെ വരവ്, പടിഞ്ഞാറൻ അതിർത്തിയിൽ ഇന്ത്യയുടെ പോരാട്ട സജ്ജീകരണങ്ങൾക്ക് കൂടുതൽ വീര്യം പകരും
ശത്രുവിന്റെ കോട്ടകളെ തകർത്തെറിയാനും, ഏത് പ്രതികൂല സാഹചര്യങ്ങളിലും കൃത്യമായ പ്രഹരം ഏൽപ്പിക്കാനും കെൽപ്പുള്ള, ലോകത്തിലെ ഏറ്റവും അത്യാധുനിക ആക്രമണ ഹെലികോപ്റ്ററുകളിലൊന്നാണ് “ആകാശത്തിലെ ടാങ്കുകൾ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന AH-64E അപ്പാച്ചെ. മാത്രമല്ല യുഎസ് പ്രതിരോധ ഭീമനായ ബോയിങ് നിർമ്മിക്കുന്ന ഇവൻ, അമേരിക്ക, യുകെ, ഇസ്രായേൽ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുടെയെല്ലാം സൈന്യത്തിന്റെ അഭിമാനമാണ്.
ബോയിങ് പറയുന്നതനുസരിച്ച്, അപ്പാച്ചി ഏറ്റവും പുതിയ ആശയവിനിമയം, നാവിഗേഷൻ, സെൻസർ, ആയുധ സംവിധാനങ്ങൾ എന്നിവയാൽ സജ്ജമാണ്. ഇത് പകലും രാത്രിയും, മഴയും പൊടിയും മൂടൽമഞ്ഞുമെല്ലാം കാഴ്ചയെ മറയ്ക്കുമ്പോഴും ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താനും ശത്രുവിനെ ആക്രമിക്കാനും സഹായിക്കുന്നു. പാക് അതിർത്തിയിലെ ദുർഘടമായ സാഹചര്യങ്ങളിൽ ഇത് ഒരു നിർണ്ണായക ഘടകമാണ്.
പ്രത്യേകതകൾ
അതിശക്തമായ ആയുധശേഖരം: ചെയിൻ ഗൺ, ലേസർ, റഡാർ ഗൈഡഡ് ഹെൽഫയർ മിസൈലുകൾ, ഒന്നിലധികം കര ലക്ഷ്യങ്ങളെ ഒരേ സമയം തകർക്കാൻ കഴിവുള്ള റോക്കറ്റ് പോഡുകൾ. കൂടാതെ കോപ്റ്ററിൽ 2 പേർക്കിരിക്കാം. പൈലറ്റിനു മുന്നിലിരിക്കുന്ന സഹ പൈലറ്റിനാണ് ആക്രമണച്ചുമതല.
ലോംഗ്ബോ റഡാർ: റോട്ടറിന് മുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഈ റഡാർ, നേരിട്ടുള്ള സമ്പർക്കമില്ലാതെ തന്നെ ശത്രുവിനെ കണ്ടെത്താനും ട്രാക്ക് ചെയ്യാനും മുൻഗണന നൽകാനും സഹായിക്കുന്നു. ഇത് ‘ഒളിഞ്ഞിരുന്ന് ആക്രമിക്കാൻ’ അപ്പാച്ചെയെ സജ്ജമാക്കുന്നു.
കൂടാതെ ശക്തമായ എൻജിനുകളും, ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളും, പുനർബലപ്പെടുത്തിയ റോട്ടർ ബ്ലേഡുകളും അപ്പാച്ചെയെ കൂടുതൽ കരുത്തുറ്റതാക്കുന്നു. എത്ര കഠിനമായ ദൗത്യങ്ങളിലും താഴ്ന്നു പറന്ന്, അതിവേഗം ആക്രമിച്ച് സുരക്ഷിതമായി മടങ്ങാൻ ഇതിന് സാധിക്കും. അതേസമയം ഈ “പറക്കും ടാങ്കുകൾ” രാജസ്ഥാനിലെ ജോധ്പൂരിൽ നിലയുറപ്പിക്കും. പാകിസ്ഥാനുമായുള്ള ലൈൻ ഓഫ് കൺട്രോളിലും അന്താരാഷ്ട്ര അതിർത്തിയിലും വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യൻ കരസേനയ്ക്ക് ഇത് നൽകുന്ന കരുത്ത് വളരെ വലുതാണ്.