ന്യൂഡൽഹി: ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ വനിതാ ഡോക്ടർ ജെയ്ഷെ മുഹമ്മദിന്റെ വനിതാവിഭാഗത്തിന് രൂപംനൽകാൻ ചുമതലപ്പെട്ടയാളെന്ന് വിവരം. ഫരീദാബാദിൽ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിന്റെ സഹപ്രവർത്തകയായ ലക്നൗ സ്വദേശി ഡോ. ഷഹീൻ ഷാഹിദിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീലിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ പിടിയിലായത്.
ഫരീദാബാദിലെ അൽ ഫല മെഡിക്കൽ കോളജിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ഒരു എകെ 47 റൈഫിളും പിസ്റ്റളും വെടിയുണ്ടകളും സൂക്ഷിക്കാൻ ഉപയോഗിച്ച കാർ ഇവരുടേതാണെന്നും കണ്ടെത്തിയിരുന്നു.
ജെയ്ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ജമാഅത്തുൽ മൊമിനാത് ഇന്ത്യയിൽ രൂപീകരിക്കാൻ ചുമതല ഏറ്റെടുത്തവരിൽ ഒരാളാണ് ഷഹീനെന്ന് ഡൽഹി പോലീസ് വൃത്തങ്ങൾ പറയുന്നു. ജെയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറാണ് ജെയ്ഷെ വനിതാവിഭാഗം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുന്നത്. കാണ്ഡഹാർ വിമാനം റാഞ്ചലിന്റെ സൂത്രധാരൻ യൂസഫ് അസ്ഹറിന്റെ ഭാര്യ കൂടിയാണ് സാദിയ. ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടിയേറ്റ ജെയ്ഷെ മുഹമ്മദ് തിരിച്ചുവരവിന്റെ ഭാഗമായി ഇന്ത്യയിലടക്കം വനിതാ വിഭാഗം രൂപീകരിക്കാൻ ശ്രമം തുടങ്ങിയെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേസമയം കഴിഞ്ഞ ഒക്ടോബർ 27 ന് ശ്രീനഗറിൽ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ നടത്തിയ അന്വേഷണമാണ് ഡോക്ടർമാരിലേക്കെക്കിയത്. പ്രാദേശിക പോലീസ് നടത്തിയ അന്വേഷണത്തിൽ, ഡോ. അദീൽ അഹ്‌മദ് റാത്തർ എന്നയാളാണ് പോസ്റ്ററുകൾ പതിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇയാളെ ഉത്തർപ്രദേശിലെ സഹരൻപുരിൽ നിന്ന് കഴിഞ്ഞയാഴ്ച പിടികൂടി. പിന്നാലെയാണ് ഫരീദാബാദിലെ ഒരു ആശുപത്രിയിൽ ഡോ. മുജമ്മിൽ ഷക്കീൽ അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. ഇതിനിടെ ഒരു എകെ 47 റൈഫിളും പിസ്റ്റളും വെടിയുണ്ടകളും സൂക്ഷിക്കാൻ ഉപയോഗിച്ച കാർ, ഫരീദാബാദിലെ ഒരു ആശുപത്രിയിൽ ഡോ. മുജമ്മിൽ ഷക്കീലിനൊപ്പം ജോലി ചെയ്യുന്ന ഡോ. ഷഹീന്റെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പിടിയിലായ ഷക്കീലിനെ ചോദ്യം ചെയ്തതിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫരീദാബാദിന്റെ കോഡായ എച്ച്ആർ 51-ൽ തുടങ്ങുന്ന നമ്പറുള്ള മാരുതി സുസുക്കി സ്വിഫ്റ്റ് കാർ പോലീസ് പരിശോധിച്ചത്. അമോണിയം നൈട്രേറ്റ് എന്ന് സംശയിക്കുന്ന 350 കിലോ സ്‌ഫോടകവസ്തുക്കൾ, 20 ടൈമറുകൾ, മറ്റ് സംശയാസ്പദമായ വസ്തുക്കൾ എന്നിവ കണ്ടെത്താനും ഡോക്ടറുടെ വെളിപ്പെടുത്തലുകൾ പോലീസിനെ സഹായിച്ചു. വാടകയ്ക്ക് എടുത്ത ഒരു മുറിയിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷമായി ഫരീദാബാദിലെ അൽ-ഫലാഹ് സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്ററിൽ സീനിയർ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഷക്കീൽ. ക്യാമ്പസിലാണ് താമസിച്ചിരുന്നതെങ്കിലും ധോജിൽ ഒരു മുറിയും അദ്ദേഹം വാടകയ്ക്ക് എടുത്തിരുന്നു. ഇതു സ്ഫോടക വസ്തുക്കൾ വയ്ക്കാനാണെന്നു കരുതുന്നു.
ഇതിനിടെ ഇയാളുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് പോലീസ് പത്ത് ദിവസം മുൻപ് ഷക്കീലിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, വാടക മുറിയെക്കുറിച്ചും തന്റെ സഹപ്രവർത്തകയുടെ സ്വിഫ്റ്റ് കാറിനെക്കുറിച്ചും ഇയാൾ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
അതേസമയം ഷക്കീലിന്റെ മുറിയിൽ നടത്തിയ റെയ്ഡിൽ, അമോണിയം നൈട്രേറ്റ് എന്ന് കരുതുന്ന സ്‌ഫോടകവസ്തുക്കൾ നിറച്ച എട്ട് വലിയ സ്യൂട്ട്‌കേസുകളും നാല് ചെറിയ സ്യൂട്ട്‌കേസുകളും കണ്ടെത്തി. തുടർന്ന് ജമ്മു കശ്മീർ പോലീസും ഹരിയാന പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കാറിൽനിന്ന് ഒരു എകെ-74 റൈഫിൾ, മാഗസിനുകൾ, 83 വെടിയുണ്ടകൾ, ഒരു പിസ്റ്റൾ, എട്ട് വെടിയുണ്ടകൾ, ഉപയോഗിച്ച രണ്ട് തിരകൾ, രണ്ട് അധിക മാഗസിനുകൾ എന്നിവ കണ്ടെടുത്തു.


















































