ദില്ലി: വെടിനിര്‍ത്തലിന് ധാരണയായതിൽ മൗനം തുടര്‍ന്ന് കേന്ദ്രം. വെടിനിര്‍ത്തലിന് അമേരിക്ക ഇടപെട്ടുവെന്ന വിവരത്തിലടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും പുറത്തുവന്നു.
പാകിസ്ഥാന്‍റെ ഡയറക്ടര്‍ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) ഇന്നലെ രണ്ടു തവണയാണ് ഇന്ത്യയുമായി ബന്ധപ്പെട്ടത്. സേന മേധാവി യുഎസ് വിദേശകാര്യ സെക്രട്ടറിയോട് സംസാരിച്ചതും പാക് ഡിജിഎംഒ പരാമർശിച്ചു. പാകിസ്ഥാൻ ആണവായുധം ഉപയോഗിക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്‍റെഅടിസ്ഥാനത്തിലാണ് യുഎസ് ഇടപെടലുണ്ടായത്.
അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചു. ഇരുവരുമായുള്ള സംഭാഷണത്തിൽ ഇന്ത്യൻ സേനകൾക്ക് കിട്ടിയ ആധിപത്യം മോദി ചൂണ്ടിക്കാട്ടി. പാകിസ്ഥാനെ വിശ്വസിക്കേണ്ടെന്നാണ് ഇന്നലെ ഉച്ചയ്ക്ക് ചേർന്ന യോഗം തീരുമാനിച്ചത്. പാക് ഡിജിഎംഒ രണ്ടാമതും വിളിച്ചശേഷമാണ് വെടിനിര്‍ത്തൽ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. വെടിനിര്‍ത്തൽ പ്രഖ്യാപിച്ചശേഷമുള്ള പാകിസ്ഥാന്‍റെ തുടര്‍നീക്കം ഇന്ത്യ നീരിക്ഷിക്കും. പ്രകോപനമുണ്ടായാൽ ആവശ്യമെങ്കിൽ വെടിനിര്‍ത്തലിൽ നിന്ന് പിൻമാറും.