ന്യൂഡൽഹി: ഇൻഡിഗോ വിമാന യാത്രയ്ക്കിടയിൽ ഭീതികരമായ സംഭവം നടന്നതായി വെളിപ്പെടുത്തി യാത്രക്കാരൻ. വിമാനത്തിനുള്ളിൽ നിന്നും എന്തോ കത്തികരിഞ്ഞതിന്റെ രൂക്ഷ ഗന്ധം ഉയർന്നതായും വിമാനത്തിലെ ജീവനക്കാരടക്കം പരിഭ്രാന്തരായതായും യാത്രക്കാരൻ അവകാശപ്പെടുന്നു. കൃഷ്ണ ഗൗർ എന്ന ഇൻസ്റ്റഗ്രാം ഉപഭോക്താവാണ് സംഭവം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്.
‘ഈ വർഷം സാഹസികമായ അനുഭവങ്ങൾ വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ ഇങ്ങനെയായിരുന്നില്ല വേണ്ടത് ബ്രോ’ എന്ന കുറിപ്പോടെയാണ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ കൃഷ്ണ പങ്കുവെച്ചത്. ‘വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എന്നാൽ തുടക്കത്തിൽ അനുഭവപ്പെട്ട രൂക്ഷഗന്ധവും ജീവനക്കാർ കൈകാര്യം ചെയ്ത രീതിയും കാരണം ഞങ്ങൾ എല്ലാവരും ഭയന്നുപോയിരുന്നു. കൃത്യമായ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമായിരുന്നില്ല. രൂക്ഷമായ കത്തികരിഞ്ഞ ഗന്ധമാണ് അനുഭവപ്പെട്ടതെന്നും ജീവനക്കാർ എന്തിനാണ് ഇത്രയധികം ഭയപ്പെട്ടതെന്ന് പറയൂ’ എന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.


















































