കാസർകോട്: പിതൃ സഹോദരിയുടെ വീട്ടിലേക്ക് അമ്മയും അപ്പന്റേയും കൈപിടിച്ച് ആ മൂന്നുവയസുകാരനെത്തിയതു തന്നെ തിരികെ വന്നു കൂട്ടിക്കൊണ്ടുപോകുമെന്ന ഉറപ്പിലായിരിക്കില്ലെ… അവൻ വഴിക്കണ്ണും നോക്കി കാത്തിരുന്നു കാണും അവർക്കായി… ഒടുവിൽ നിത്യയാത്രയിലേക്ക് അവനെ തനിച്ചാക്കി ഒരു യാത്ര…
മകനെ സഹോദരിയുടെ വീട്ടിലാക്കി മഞ്ചേശ്വരം കടമ്പാറിൽ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. പെയിന്റിങ് ജോലി ചെയ്യുന്ന അജിത്ത് (35), വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്ന ശ്വേത (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരും ഇന്ന് പുലർച്ചെ ദേർളക്കട്ടയിലെ ആശുപത്രിയാണ് മരിച്ചത്.
ഇന്നലെ ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നു വയസുസ്സുള്ള മകനേയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി തങ്ങൾക്കു ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറഞ്ഞ് മടങ്ങുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്. വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയിലാണ് അയൽവാസികൾ ഇരുവരേയും കണ്ടത്. ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ ദേർളക്കട്ടയിലെ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെ അജിത്ത് മരിച്ചു. ഏതാനും മണിക്കൂറുകൾക്ക് ശേഷം ശ്വേതയും മരിച്ചു.
അതേസമയം സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക വിവരം. മഞ്ചേശ്വരം പോലീസ് കേസെടുത്തു സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.