ഡൊഡൊമ: ടാന്‍സാനിയയില്‍ പോലീസും തോക്കുധാരികളായ പട്രോളിംഗ് സംഘവും നിരായുധരായ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ടാന്‍സാനിയയില്‍ നടന്ന വിവാദ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷത്തിലാണ് പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്ന് സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധക്കാരില്‍ പലരും നിരായുധരായിരുന്നുവെന്നും ചിലരുടെ കൈവശം കല്ലുകളും വടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍നിന്ന് പ്രധാന എതിരാളികളെ വിലക്കിയ ശേഷമാണ് ഇപ്പോഴത്തെ പ്രസിഡന്റ് സാമിയ സുലുഹു ഹസ്സന്‍ തിരഞ്ഞെടുപ്പ് നടത്തിയത് എന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 29-ന്, 98% വോട്ടുകള്‍ക്ക് താന്‍ വിജയിച്ചുവെന്ന് ഹസ്സന്‍ അവകാശപ്പെട്ടിരുന്നു. പ്രസിഡന്റായി വീണ്ടും താന്‍ തിരഞ്ഞെടുക്കപ്പെട്ടു എന്ന് ഹസ്സന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് യുവാക്കള്‍ തെരുവില്‍ പ്രകടനം നടത്തിയത്.
സംഭവസ്ഥലത്തുനിന്നും പുറത്തുവരുന്ന വീഡിയോകളില്‍ നഗരത്തിലെ മോര്‍ച്ചറികള്‍ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതായി കാണാം. ഇതുകൂടാതെ, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യത്തിലെ പ്രധാന നഗരമായ ദാര്‍ എസ് സലാമിന് വടക്കുള്ള കോണ്ടോ സെമിത്തേരിയില്‍ കൂട്ടക്കുഴിമാടങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളെ സാധൂകരിക്കുന്ന തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇവിടെ അടുത്തിടെ മണ്ണ് ഇളക്കിമറിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നിട്ടുള്ളത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ മൃതദേഹങ്ങള്‍ അവിടെ അടക്കം ചെയ്തിട്ടുണ്ടെന്ന് രണ്ട് മനുഷ്യാവകാശ സംഘടനകളും പറയുന്നു.
ഹസ്സന്റെ എതിരാളികളെ വോട്ടെടുപ്പില്‍നിന്ന് ഒഴിവാക്കിയതിനെതിരെ തിരഞ്ഞെടുപ്പിന് ശേഷം ആളുകള്‍ തെരുവിലിറങ്ങിയപ്പോള്‍ അധികൃതര്‍ കര്‍ഫ്യൂവും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടി നേതാവായ ടുണ്ടു ലിസ്സു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഏപ്രില്‍ മുതല്‍ തടവിലാണ്. ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്റര്‍നെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചത്.
പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിട്ടില്ല എന്നായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആദ്യ നിലപാട്. എന്നാല്‍ കഴിഞ്ഞയാഴ്ച, ചിലര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി പ്രസിഡന്റ് സമ്മതിച്ചെങ്കിലും മരണസംഖ്യ പുറത്തുവിട്ടില്ല. സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രസിഡന്റ് ഹസ്സന്‍ കമ്മീഷനെ നിയോഗിച്ചു. എന്നാല്‍, പണം വാങ്ങിയ ശേഷം പ്രതിഷേധക്കാര്‍ മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പ്രസിഡന്റോ പോലീസോ ഇതുവരെയും തയ്യാറായിട്ടില്ല.
സംഭവത്തില്‍ നൂറുകണക്കിന് പ്രതിഷേധക്കാരും സാധാരണക്കാരും കൊല്ലപ്പെട്ടുവെന്നും, എത്രപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നോ എത്രപേര്‍ തടവിലാക്കപ്പെട്ടിട്ടുണ്ടെന്നോ വ്യക്തമല്ലെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസ് പറഞ്ഞു.
















































