ചെന്നൈ: മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയതിൽ മനംനൊന്ത് കുടുംബത്തിലെ നാലുപേർ ജീവനൊടുക്കി. ദിണ്ടിഗൽ ജില്ലയിലെ ഒട്ടൻഛത്രത്തിലാണ് സംഭവം. ഭർത്താവുമായി പിരിഞ്ഞുതാമസിക്കുന്ന പവിത്രയെന്ന യുവതിയാണ് കാമുകനൊപ്പം പോയത്. നാണക്കേേടു ഭയന്ന് പവിത്രയുടെ മുത്തശ്ശി ചെല്ലമ്മാൾ (65), അമ്മ കാളീശ്വരി (45), പവിത്രയുടെ മക്കളായ ലതികശ്രീ (7), ദീപ്തി (5) എന്നിവരാണു ജീവനൊടുക്കിയത്.
പോലീസ് പറയുന്നതിങ്ങനെ- പവിത്രയെ 10 വർഷം മുൻപ് അരവക്കുറിച്ചിയിലേക്കു വിവാഹം കഴിച്ചയച്ചിരുന്നു. ഭർത്താവുമായി പിണങ്ങിയ പവിത്ര കഴിഞ്ഞ ഏപ്രിലിൽ മക്കളുമായി സ്വന്തം വീട്ടിലേക്കു വന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ബന്ധുക്കൾ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ മറ്റൊരാളുമായി പവിത്ര അടുപ്പത്തിലായി. ചൊവ്വാഴ്ച പവിത്ര കുടുംബത്തെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. ഇതോടെ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാളീശ്വരിയും ചെല്ലമ്മാളും ആത്മഹത്യ ചെയ്യുകയായിരുന്നു.