ചെന്നൈ: ഇന്നു നടന്ന ദുരന്തത്തെ വിളിച്ചുവരുത്തിയ ദുരന്തമെന്ന് വേണമെങ്കിൽ പറയാം. ഇങ്ങനെയൊരു സാഹചര്യം മുന്നിൽ കണ്ടാകണം സമ്മേളനങ്ങള്‍ നടത്തുമ്പോള്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണെന്ന് ഒരാഴ്ച മുൻപാണ് മദ്രാസ് ഹൈക്കോടതി പറഞ്ഞത്. എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കും എന്നായിരുന്നു കോടതിയുടെ ആ ചോദ്യം.
അതിനെ സാധൂകരിക്കും വിധമാണ് വിജയ് റാലി നടത്തിയത്. കഴിഞ്ഞ തവണത്തെ തിരുച്ചിറപ്പള്ളിയിൽ നടന്ന യോഗത്തിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ വിമർശനം. അന്നത്തെ റാലിയിൽ ഒരാൾ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഇന്നത്തെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴുന്നതു കണ്ട് പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുക്കുകയും ചെയ്തു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പോലീസിന്റെ സഹായം വിജയ് തന്നെയാണ് ആവശ്യപ്പെട്ടത് എന്നാണ് വിവരം. ഇതിനുപിന്നാലെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
അതേസമയം പരിപാടിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും കുഴഞ്ഞു വീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം മൂലം ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാതെ വന്ന സാഹചര്യവുമുണ്ടായി. അപകടത്തെ തുടര്‍ന്ന് വിജയ് പ്രസംഗം അവസാനിപ്പിച്ച് ജനങ്ങളോട് സംയമനം പാലിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കാൻ മൈക്കിലൂടെ അഭ്യർഥിച്ചതും വിജയ് ആയിരുന്നു.