അഹമ്മദാബാദ്: ടി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസ് ടീം ഒരു മാറ്റവുമായി കളത്തിലിറങ്ങുമ്പോൾ സെമിയിലെ ടീമിനെത്തന്നെ ഇന്ത്യ നിലനിർത്തി. അതേസമയം സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം എട്ട് മത്സരങ്ങളിൽ ഏഴ് വിജയങ്ങളുമായാണ് ഫൈനലിലെത്തിയിരിക്കുന്നത്. മിച്ചൽ സാന്റ്നർ നയിക്കുന്ന ന്യൂസിലൻഡ് ടീം എട്ട് മത്സരങ്ങളിൽ അഞ്ച് വിജയങ്ങൾ നേടിയാണ് കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്.
രണ്ടു കളികളിൽ മിന്നും പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസൺ ഓപ്പണിങ്ങിൽ നൽകുന്ന മികച്ച തുടക്കവും ജസ്പ്രീത് ബുംറയുടെ ബൗളിങ്ങുമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. നാല് മത്സരങ്ങളിൽനിന്ന് 232 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ജസ്പ്രീത് ബുംറ ഏഴ് മത്സരങ്ങളിൽനിന്ന് പത്തു വിക്കറ്റുകളും നേടി. അതേസമയം കിവീസിനായി ഫിൻ അലൻ, രചിൻ രവീന്ദ്ര എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. ന്യൂസീലൻഡ് നിരയിൽ ഫിൻ അലൻ എട്ട് മത്സരങ്ങളിൽ നിന്ന് 289 റൺസോടെ സഞ്ജുവിന് മുന്നിലുണ്ട്. അതുപോലെ ടിം സെയ്ഫേർട്ടും 274 റൺസുമായി മുൻനിരയിൽ തന്നെയുണ്ട്. രചിൻ രവീന്ദ്ര ഒൻപത് മത്സരങ്ങളിൽനിന്ന് 11 വിക്കറ്റുകളുമായി ബൗളർമാരിൽ മുന്നിൽ നിൽക്കുന്നു.
അതേസമയം മൂന്നാം കിരീടവും തുടർച്ചയായ രണ്ടാം കിരീടവും ലക്ഷ്യമിട്ടാണ് ഇന്ത്യയിറങ്ങുന്നത്. ഇതിന് മുൻപ് 2007, 2024 വർഷങ്ങളിലാണ് ഇന്ത്യ ടി20 ലോകകിരീടം ചൂടിയത്. അതേസമയം ന്യൂസീലൻഡാകട്ടെ ഇതുവരെ ട്വന്റി-20 ലോകകപ്പ് നേടിയിട്ടില്ല. കന്നിക്കിരീടം തേടിയാണ് അഹമ്മദാബാദിൽ കലാശപ്പോരിനിറങ്ങുന്നത്.
പക്ഷെ ടി20 ലോകകപ്പിൽ ഇന്ത്യ ഇതുവരെ കിവീസിനോട് ജയിച്ചിട്ടില്ലായെന്നത് ഇന്ത്യയെ തെല്ലൊന്ന് ആശങ്കപെടുത്തുന്നുണ്ട്. മൂന്ന് തവണയും ജയം ന്യൂസീലൻഡിനായിരുന്നു.
ഇന്ത്യൻ ടീം – അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ
ന്യൂസീലൻഡ് ടീം – ടിം സെയ്ഫേർട്ട്, ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ, ഡഫി, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൻ.
















































