തിരുവനന്തപുരം: കേരള സർവകലാശാലയിൽ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെഎസ് അനിൽ കുമാറിന്റെ ശമ്പളം തടയാൻ നിർദ്ദേശം. മുഖ്യമന്ത്രി ഗവർണറെ കണ്ട് സംസാരിക്കുകയും എസ്എഫ്‌ഐ സമരം നിർത്തുകയും ചെയ്തതിനു ശേഷമാണ് ഈ നടപടി.
അതേസമയം അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചതാണെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. അതംഗീകരിച്ച് വിസിയുടെ നിർദ്ദേശം അവഗണിച്ച് അനിൽ കുമാർ സർവകലാശാലയിൽ എത്താറുമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് അനിൽ കുമാറിന്റെ ശമ്പളം തടഞ്ഞുവെക്കാനും നിയമപ്രകാരമുള്ള ഉപജീവന ബത്ത അനുവദിക്കാനും വിസി ഫൈനാൻസ് ഓഫീസർക്കു നിർദ്ദേശം നൽകിയത്.
ഇതിലൂടെ അനിൽ കുമാറിന്റെ സസ്പെൻഷൻ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വൈസ് ചാൻസലറുടെ നിലപാടാണ് വ്യക്തമാകുന്നത്. ജൂലായ് രണ്ടിനാണ് വിസിയുടെ പ്രത്യേക അധികാരമുപയോഗിച്ച് അനിൽ കുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. ജൂലായ് ആറിനാണ് വിസിയുടെ അസാന്നിധ്യത്തിൽ ഇടതുപക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ യോഗം ചേർന്ന് അനിൽ കുമാറിന്റെ സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തു.
തുടർന്ന് രജിസ്ട്രാറുടെ ചുമതല വീണ്ടും ഏറ്റെടുത്തതായി യൂണിവേഴ്‌സിറ്റി ഉത്തരവുമിറക്കി. ഇത് ഇതുവരെ അംഗീകരിക്കാൻ ഇതുവരെ വൈസ് ചാൻസലർ തയ്യാറായിട്ടില്ല. അനിൽ കുമാറിന്റെ ശമ്പളം തടയുന്നതോടെ തർക്കം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.