എറണാകുളം: ശോഭ സുരേന്ദ്രന്റെയൊക്കെ വംശത്തില്‍പ്പെടുന്ന ചീറ്റപ്പുലിയാണി അഖിൽ മാരാരെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിൽ ഇലക്‌ഷനു നിന്നപ്പോൾ അവിടുത്തെ തെരുവുകളിൽ തനിക്കു വേണ്ടി വോട്ട് യാചിച്ചു നടന്ന അഖിലിനെ കണ്ടിട്ടുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. അഖിൽ മാരാർക്കു വേണ്ടിയുള്ള ഇലക്‌ഷൻ പ്രചാരണ റോഡ് ഷോയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഖിലിനു വേണ്ടി ഇത്രയും ആളുകൾ ഒന്നിച്ചു കൂടി വലിയ പിന്തുണ നൽകുന്നുവെന്ന് അറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഏതാണ്ട് 48 മണ്ഡലകളില്‍ പ്രചരണമൊക്കെ കഴിഞ്ഞ് അവസാന നിമിഷമാണ് ഇവിടെ എത്താൻ സാധിച്ചത്. പക്ഷേ ഈ വരവോടു കൂടി മാത്രമാണ് എന്റെ പ്രചരണത്തിന് ഒരുപക്ഷേ ഒരു പൂർണത നേടാൻ സാധിക്കുന്നത്.
മാറേണ്ടതല്ലൊം മാറിയേ പറ്റൂ. മാറ്റേണ്ടത് ജനങ്ങളാണ്, ആ ജനങ്ങൾ തയാറെടുത്തു കഴിഞ്ഞു. ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുന്ന വ്യക്തിയാണ് അഖിൽ മാരാരെന്ന് നമുക്ക് അറിയാം. നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനു മുന്നിൽ അതിനു സാക്ഷ്യപത്രമുണ്ട്. അഖിലിന്റെ പ്രവര്‍ത്തന പരിചയസമ്പന്നതയെല്ലാം നിങ്ങൾക്കു വേണ്ടി നിയമസഭയിൽ ശബ്ദമുയർത്തുന്നതിനു വേണ്ടി അദ്ദേഹത്തെ ജയിപ്പിച്ച് വിനിയോഗിക്കണം എന്നു മാത്രമേ എനിക്ക് അഭ്യർഥിക്കാൻ സാധിക്കൂ.
മാറാത്തതൊന്നും ഉറച്ച് മാറില്ലെന്ന് പറഞ്ഞു നിൽക്കുന്നവന്റെ ചെറിയ ആണക്കല്ല് ഇളകിയാൽ മാറും. ആ മാറ്റം തൃക്കാക്കരയിൽ വേണം. തൃശൂരിൽ ഞാൻ ഇതുപോലെ പ്രചരണത്തിനിറങ്ങിയപ്പോൾ ഒരു പത്ത് തവണയെങ്കിലും അവിടുത്തെ തെരുവുകളിൽ എനിക്കു വേണ്ടി വോട്ട് യാചിച്ചു നടക്കുന്ന അഖിലിനെ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ അവസാന നിമിഷം ഇല്ലാത്ത സമയവും ആരോഗ്യവുമൊക്കെ മാറ്റിവച്ച് ഇവിടെ എത്തിയത്.
തൃക്കാക്കര അതിനുള്ള നന്ദി സൂചകമായി വിജയം മാത്രം അഖിലിന് സമ്മാനിക്കണം. ചക്കയാണ് ചിഹ്നം, ഞാൻ ആദ്യമായാണ് താമര അല്ലാതെ മറ്റൊരു ചിഹ്നത്തിനുവേണ്ടി വോട്ട് അഭ്യർഥിക്കുന്നത്. ഈ ഇലക്‌ഷനിൽ ഇതാദ്യമാണ്. കുന്നത്തുനാടിൽ നിന്നും തൃപ്പൂണിത്തുറയിൽ നിന്നൊക്കെ ആളുകൾ ജയിച്ചു വരണമെന്ന് സുരേഷ് ഗോപി പറഞ്ഞു.

















































