തൃപ്പൂണിത്തുറ: കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണമെന്ന ആവശ്യം ആവർത്തിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പാലക്കാട് നിന്നു കാറുമായി വരുന്ന ആരെങ്കിലും കാർ ആലുവയിൽ നിർത്തി മെട്രോയിൽ കയറി കൊച്ചി നഗരത്തിലേക്ക് വരുമോ? ഒരാളും അങ്ങനെ ചെയ്യില്ല. ഒരു വാണിജ്യ കോറിഡോർ എന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ കോയമ്പത്തൂർ വരെ മെട്രോ നീളണമെന്നും സുരേഷ് ഗോപി. തൃപ്പൂണിത്തുറയിൽ ബിജെപിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ താൻ ഇക്കാര്യം പറഞ്ഞപ്പോൾ കൊച്ചി മെട്രോ കൊച്ചിക്കാർക്ക് വേണ്ടി മാത്രമുള്ളതെന്ന് പറഞ്ഞായിരുന്നു എന്നെ അവർ അവഹേളിച്ചത്. അവരെ എനിക്ക് ഊളകൾ എന്ന് മാത്രമേ വിളിക്കാൻ സാധിക്കൂ. ക്ഷമിക്കണം, മന്ത്രിക്ക് പ്രത്യേക നിഘണ്ഡുവൊന്നും ഉണ്ടാക്കി വെച്ചിട്ടില്ല. വികാരങ്ങൾ അതുപോലെ തന്നെ പ്രകടിപ്പിക്കണം. ഡൽഹി മെട്രോ പോകുന്നത് മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ്. യുപിയിലെ നോയിഡ മുതൽ ഹരിയാന വരെ നീണ്ടു കിടക്കുന്നു. ഇതൊക്കെ സാധ്യമാണ്.
അതുപോലെ 2036 ൽ ഭാരതത്തിൽ ഒളിമ്പിക്സ് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ 36 ൽ അല്ലെങ്കിൽ 40 ൽ അത് സാധ്യമാകും. രാജ്യത്ത് ഒളിമ്പിക്സ് വരുമ്പോൾ അതിന് അനുസൃതമായ വികസനം എല്ലായിടത്തും ഉണ്ടാകും. കായിക അടിസ്ഥാന വികസന രംഗത്ത് യുപിയിലൊക്കെ ഉണ്ടായ വികസനം എന്താണെന്ന് പരിശോധിക്കണം.
ഇവിടെ ഇരുന്ന് ചുമ്മാ ഊപ്പി… ഊപ്പി എന്ന് പറഞ്ഞാൽ പോര. ഇന്നത്തെ യുപി എന്താണെന്ന് നിങ്ങൾ പോയി കണ്ട് മനസിലാക്കണം. യുപി, യുപി ആണെന്നും ഗുജറാത്ത്, ഗുജറാത്ത് ആണെന്നും ഒളിമ്പിക്സ് വരുമ്പോൾ തെളിയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
അതുപോലെ ഒരു ഇംഗ്ലീഷ് പത്രത്തിൽ ശശി തരൂരിൻറെ ലേഖനം വന്നിട്ടുണ്ട്. ഒരു എംപി എന്ന നിലയിൽ നിന്നും ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ നിന്നും മാറി ഒരു സമ്മതിദായകൻ എന്ന നിലയിലുള്ള അഭിപ്രായങ്ങളാണ് അദ്ദേഹം അതിൽ പങ്കുവെച്ചത്. ആ ലേഖനത്തിൻറെ മലയാളം കോപ്പി എടുത്ത് പ്രത്യേകിച്ച് തൃപ്പൂണിത്തുറയിൽ കൊടുക്കണമെന്ന് ഞാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നാല് സീറ്റുകൾ ബിജെപി പിടിക്കുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെന്ന് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ഇനി തലയുർത്തി പറയാൻ സാധിക്കില്ല. കഴിഞ്ഞ തവണ നഷ്ടമായ നേമം സീറ്റ് ഇത്തവണ ബിജെപി തിരികെ പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊല്ലം കോർപ്പറേഷൻ എൻഡിഎ സ്ഥാനാർത്ഥി സംഗമവും വികസന രേഖ പ്രകാശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര സഹമന്ത്രി. ‘തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണം ഉറപ്പിക്കുന്ന അന്ന് മുതൽ വലിയ മാറ്റം കാണാൻ സാധിക്കും. അധികാരത്തിൽ വന്ന് ആറുമാസം കൊണ്ട് ബിജെപി അത് തെളിയിക്കുകയും ചെയ്യും. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഏഴോ എട്ടോ സീറ്റുണ്ടെങ്കിൽ അതിൽ നാല് സീറ്റ് ബിജെപി പിടിക്കും’- സുരേഷ് ഗോപി പറഞ്ഞു.

















































