ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ മന്ത്രി വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമർശനം ഇന്നയിച്ച് സുപ്രീംകോടതി. മന്ത്രിയുടെ ഖേദപ്രകടനം ഒരിക്കലും സ്വീകാര്യമല്ലെന്നും വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. താങ്കൾ പൊതുപ്രവർത്തകനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമാണ്. അതിനാൽ തന്നെ വാക്കുകൾ സൂക്ഷിച്ചു പ്രയോഗിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
കൂടാതെ കേണൽ സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പരാമർശത്തിലെ അന്വേഷണത്തിന് സുപ്രീം കോടതി പ്രത്യേക സംഘം രൂപീകരിച്ചു. വനിത ഉദ്യോഗസ്ഥ ഉൾപ്പെടെ 3 ഐപിഎസ് ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. മെയ് 28 അന്വേഷണ പുരോഗതി അറിയിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിർദേശം നൽകി. വിദ്വേഷ പരാമർശത്തിൽ തനിക്കെതിരായി എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി വിജയ് ഷാ സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം വിജയ് ഷായുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു.