തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തീരുമാനിച്ചതിന് പിന്നിൽ പാർട്ടിയുടെ കൂട്ടായ ആലോചനയ്ക്കു ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാത്രമല്ല കെപിസിസി അധ്യക്ഷനെ തീരുമാനിച്ചതിൽ സഭാ നേതൃത്വത്തിന് പങ്കില്ലായെന്നും എല്ലാവരുടെയും പ്രതിനിധിയാണ് പുതിയ അധ്യക്ഷനെന്നും വി ഡി സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.
പാർട്ടിയെ നയിക്കാൻ പ്രാപ്തനായ ആളാണ് നേതൃത്വത്തിലേക്ക് വന്നത്. ഇത് ഏറ്റവും സന്തോഷകരമായ തീരുമാനമാണ്. മൂന്നാം തവണ എംഎൽഎയായ ആളാണ് സണ്ണി ജോസഫ്, അതിലുപരി ഏറ്റവും മികച്ച പാർലമെൻ്റേറിയനുമാണ്. മാത്രമല്ല പലപ്പോഴും പാർലമെൻ്റിൽ പല വിഷയങ്ങളും സംസാരിക്കാൻ സണ്ണി ജോസഫിനെ ഏൽപ്പിക്കാറുണ്ട്. അങ്ങനെ പല കാരണങ്ങൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം സുധാകരനെ കുറിച്ചുള്ള വിഡി സതീശന്റെ പ്രസ്താവന ഇങ്ങനെ- ‘സുധാകരേട്ടൻ പാർട്ടിയുടെ മുൻ നിരയിൽ തന്നെയുണ്ടാവും. വിഎൻ സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും ഒക്കെ ഉണ്ടാവുന്ന പോലെ തന്നെ സുധാകരേട്ടനും പാർട്ടിയിലുണ്ടാവും. മാധ്യമങ്ങൾ പലതും പറഞ്ഞിട്ടുണ്ട്. എന്നാൽ ഞാനും സുധാകരേട്ടനും ഇന്നുവരെ പിണങ്ങിയിട്ടില്ല’.
കൂടാതെ, കെപിസിസി കമ്മിറ്റിയിലെ പുതിയ പ്രഖ്യാപനം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ തുടക്കമായി കണ്ടോളൂവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പേരാവൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ സണ്ണി ജോസഫിനെ പുതിയ കെപിസിസി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചത്. സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവാക്കും.
അടൂർ പ്രകാശ് യുഡിഎഫ് കൺവീനറായും പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ പുതിയ വർക്കിംഗ് പ്രസിഡന്റുമാരായും നിയമിച്ചു. നിലവിലെ യുഡിഎഫ് കൺവീനറായ എംഎം ഹസ്സനെയും വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി എൻ പ്രതാപൻ, ടി സിദ്ധീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി.
അതേപോലെ പുതിയ വർക്കിംഗ് പ്രസിഡന്റായി നിയമിതനായ പിസി വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയിൽ നിന്നു നീക്കി. ബിഹാറിലെ മുൻ പിസിസി അദ്ധ്യക്ഷൻ ഡോ. അഖിലേഷ് പ്രസാദ് സിങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു.