തിരുവനന്തപുരം: എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് വികസിപ്പിച്ച് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയയിലെ വിദ്യാർഥികൾ. വിദ്യാഭ്യാസ- സാങ്കേതിക വിദ്യയിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ച് ഈ വിദ്യാർത്ഥികൾ കൈവരിച്ചത്. സംഗീത സംവിധായകൻ എം ജയചന്ദ്രനാണ് റോബോട്ട് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
റിസപ്ഷൻ ഡെസ്ക് പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ, അധ്യാപനം, സംശയ നിവാരണം, വൈകാരികമാറ്റങ്ങൾ, പതിവ് സ്കൂൾ ഇടപെടലുകൾ എന്നിവയെ സഹായിക്കുന്നതിനാണ് ഈ കണ്ടെത്തൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബിൽറ്റ്-ഇൻ ഇമോഷൻ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ അടിസ്ഥാനമാക്കി അതിന്റെ പ്രതികരണങ്ങൾ പൊരുത്തപ്പെടുത്താൻ ഈ നൂതന റോബോട്ടിനു സാധിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ്. സ്കൂൾ ചെയർമാൻ ഡോക്ടർ ജി. രാജ്മോഹൻ, വൈസ് ചെയർപേഴ്സൺ ഡോക്ടർ ദേവി മോഹൻ, പ്രിൻസിപ്പൽ ഷൈലജ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.