കൊല്ലം: മനു, സുജ, സുജിൻ, മിഥു… അവന്റെ സ്നേഹവും സന്തോഷവും ആ കുഞ്ഞുവീടിന്റെ ഓരോ ചുവരുകളിലുമുണ്ട്. താനും അച്ഛനും അമ്മയും തന്റെ കുഞ്ഞനിയനുമുള്ള കൊച്ചു കുടുംബം. പക്ഷെ ആ ചുവർ ചിത്രം പൂർത്തിയാക്കുവാൻ അവനിനിയില്ല… സ്കൂൾ കെട്ടിടത്തോടുചേർന്നുള്ള സുരക്ഷയില്ലാത്ത വൈദ്യുതക്കമ്പിയിൽ തട്ടി ഷോക്കേറ്റാണ് മിഥുൻ പിടഞ്ഞു മരിച്ചത്. തേവലക്കര ബോയ്‌സ് ഹൈസ്കൂൾ വിദ്യാർഥിയും പടിഞ്ഞാറെ കല്ലട വലിയപാടം കിഴക്ക് അങ്കണവാടിക്കുസമീപം മനുവിലാസത്തിൽ മനുവിന്റെ മകനുമാണ് മിഥുൻ. സ്കൂൾ വളപ്പിലെ സൈക്കിൾ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ കയറിയപ്പോഴാണ് ഷോക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഒൻപതേകാലോടെയാണ് അപകടം.
‘ആ മകനെ നഷ്ടപ്പെട്ടു. മറ്റൊന്നും അതിന് ബദലാകില്ല. നഷ്ടപ്പെട്ടത് നഷ്ടപ്പെട്ടതാണ്. എങ്കിലും നമുക്ക് ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യേണ്ടതുണ്ട്. മുത്തശ്ശിയുടെ ഒക്കെ കരച്ചിൽ കണ്ടതല്ലേ. ആശുപത്രിയിൽ ചെന്ന് ആ മകനെ കണ്ടപ്പോൾ ഉറങ്ങുന്നതു പോലെയാണ് തോന്നിയത്. അത്രയും ദുഃഖമാണ്. സ്വന്തം വീട്ടിലുള്ളതു പോലുള്ള വികാരമാണ് എല്ലാവർക്കും. ഇതിന് കാരണക്കാരായവർ ഏതെങ്കിലും മുടന്തൻ ന്യായം പറഞ്ഞ് രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട’ – വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.
ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിലാണ് മിഥുന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുർക്കിയിലുള്ള മാതാവ് വന്ന ശേഷമായിരിക്കും സംസ്കാരം. ഇന്നു രാത്രിയിലോ, നാളെ രാവിലെയോ മിഥിന്റെ മാതാവ് നാട്ടിലെത്തുമെന്നാണ് വിവരം. അമ്മയെത്തിയ ശേഷം അവർക്കു കൂടി പങ്കെടുക്കാൻ പറ്റുംവിധത്തിലായിരിക്കും ചടങ്ങുകൾ ക്രമീകരിക്കുക.
അതേസമയം വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിശദമായ തെളിവെടുപ്പ് ഇന്ന് ഉണ്ടാകും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. മിഥുന്റെ കൂടെപ്പഠിച്ച വിദ്യാർഥികളിൽ നിന്നും സംഭവം കണ്ട വിദ്യാർഥികളിൽ നിന്നടക്കം തെളിവുകൾ ശേഖരിക്കും. കൂടാതെ ഇന്ന് ബാലാവകാശ കമ്മിഷനും സ്ഥലത്തെത്തുന്നുണ്ട്. സംഭവത്തിൽ ഇവരും പരിശോധന നടത്തും.
ഇതിനിടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത് വിദ്യാർഥി ഷോക്കേറ്റ് മരിക്കാനിടയായ സാഹചര്യത്തിൽ കെഎസ്ഇബിക്കും സ്‌കൂൾ മാനേജ്‌മെന്റിനും ഒരുപോലെ വീഴ്ചപറ്റിയതായതായാണ്. കെഎസ്ഇബി കൊല്ലം ഇലക്‌ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിലാണ് വീഴ്ച ചൂണ്ടിക്കാട്ടുന്നത്. സ്‌കൂളിലേക്കും മറ്റൊരു സ്വകാര്യ ഉപഭോക്താവിനും വൈദ്യുതി നൽകാനുള്ള ലൈനാണിത്. ഈ കമ്പി മാറ്റി കവചിത കേബിളിടണമെന്ന് 15-ാം തീയതിയിൽ നടന്ന യോഗത്തിൽ കെഎസ്ഇബി ജീവനക്കാർ പറഞ്ഞിരുന്നു. അക്കാര്യം സ്‌കൂൾ മാനേജ്‌മെന്റ് പ്രസിഡന്റ് ഗോവിന്ദപ്പിള്ളയെ അറിയിക്കുകയും ചെയ്തു. അടുത്ത മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി.
കൂടാതെ ഷെഡ്ഡിന്റെ മേൽക്കൂരയും വൈദ്യുതി ലൈനും നിയമാനുസൃതം വേണ്ട അകലം ഉണ്ടാകാനിടയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിശദ അന്വേഷണം നടത്തണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്തു. മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നും കെഎസ്ഇബിയുടെ ഭാഗത്ത് നിന്നും ഡിസിപ്ലിൻ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകരുടെ ഭാഗത്ത് നിന്നടക്കം വീഴ്ച ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.