ആലപ്പുഴ: ആലപ്പുഴ ആദിക്കാട്ടുകുളങ്ങരയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് രണ്ടാനമ്മയുടേയും പിതാവിൻറെയും ക്രൂര മർദനം. ആദി ക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തിൽ അൻസറും രണ്ടാം ഭാര്യയും ചേർന്നാണ് കുട്ടിയെ മർദിച്ചത്. സംഭവത്തിൽ നൂറനാട് പോലീസ് കേസെടുത്തു. വീട്ടിൽ നിന്നു കുട്ടി സ്കൂളിൽ എത്തിയപ്പോൾ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ട അധ്യാപകർ വിവരം ചോദിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്ത് വന്നത്. രണ്ടാനമ്മയും പിതാവും ചേർന്ന് മർദിക്കാറുണ്ടെന്ന് കുട്ടി അധ്യാപകരോട് പറഞ്ഞു. തുടർന്ന് അധ്യാപകർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കുട്ടി.
നാലാം ക്ലാസുകാരി തന്റെ നോട്ട് ബുക്കിൽ തനിക്കുണ്ടായ വേദനകൾ കുറിച്ചതിങ്ങനെ-
എനിക്ക് ഉമ്മയില്ലാ കേട്ടോ, എനിക്ക് രണ്ടാനമ്മയാണ് കേട്ടോ. എന്റെ വാപ്പയും എന്നോട് ക്രൂരതയാണ് കാണിക്കുക. ഉമ്മിയും കൂടി. ഞാൻ ഒരു ദിവസം പ്ലേറ്റ് സ്‌കൂളിൽ മറന്നുവച്ചപ്പോൾ എന്റെ കരണത്ത് ഉമ്മി അടിച്ചു. എന്നിട്ട് ഞാനും അനുജനും കൂടി കളിച്ചപ്പോൾ ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി. അപ്പോൾ ഉമ്മി എന്റെ വായക്ക് അടിച്ചു. ഞങ്ങളുടെ വീട് വെച്ചിട്ട് രണ്ടു മാസമേ ആയുള്ളു. അപ്പോഴേക്കും എന്നെ പേടിപ്പിക്കുകയും വെരട്ടുകയുമാണ്. ഞാൻ സെറ്റിയിൽ ഇരിക്കുമ്പോൾ ഇരിക്കരുത്. ബാത്‌റൂമിൽ കയറുമ്പോൾ കയറരുത്. ഫ്രിഡ്ജ് തുറക്കുമ്പോൾ തുറക്കരുത് എന്നൊക്കെ ഉമ്മി പറയും. എന്നെല്ലാമാണ് കുട്ടി എഴുതിയിരിക്കുന്നത്.