മെയിൻപുരി: ഉത്തർപ്രദേശില്‍ അധ്യാപികയെ ക്രൂരമായി ആക്രമിച്ച് വിദ്യാര്‍ത്ഥി. പ്ലസ്ടു വിദ്യാർഥിയാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അധ്യാപികയുടെ ചുണ്ട് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും ചെയ്തത്. വിദ്യാർഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതാണ് അതിക്രമത്തിന് കാരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അധ്യാപികയും വിദ്യാർഥിയും നടന്നു പോകുന്നതും പിന്നാലെ തർക്കമുണ്ടാകുന്നതും വിഡിയോയിൽ കാണാം.
സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. ഇതാദ്യമായല്ല വിദ്യാർഥി അധ്യാപികയെ ഉപദ്രവിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ വിദ്യാർഥി അധ്യാപികയോട് മോശമായി പെരുമാറിയിരുന്നു. സ്കൂളിലെ പിടിഎ യോഗത്തിൽ വച്ച് ഇക്കാര്യം അധ്യാപിക വിദ്യാർഥിയുടെ അമ്മയോട് പറഞ്ഞു.
അതിനുശേഷം വിദ്യാർഥി പലപ്പോഴും അധ്യാപികയെ വഴിയിൽ തടഞ്ഞു നിർത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു.















































