കൊളംബോ: മധ്യേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എട്ട് ആന്റി- ഷിപ്പ് മിസൈലുകളുമായെത്തിയ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാൻ അനുമതി നിഷേധിച്ചതായി ശ്രീലങ്ക. ജിബൂട്ടിയിലെ സൈനിക താവളത്തിൽനിന്നുള്ള രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ മാർച്ച് നാലിനും എട്ടിനും മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി തേടിയിരുന്നെങ്കിലും ശ്രീലങ്ക അത് നിരസിച്ചുവെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പാർലമെന്റിൽ അറിയിച്ചു. അമേരിക്കൻ പ്രത്യേക പ്രതിനിധി സെർജിയോ ഗോറുമായി പ്രസിഡന്റ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ശ്രീലങ്കൻ പ്രസിഡൻ്റിൻ്റെ വെളിപ്പെടുത്തൽ.
തുറമുഖങ്ങളുടെ സുരക്ഷയും വ്യാപാരബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നുവെങ്കിലും തങ്ങളുടെ മണ്ണ് സൈനിക നീക്കങ്ങൾക്ക് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയതായി ശ്രീലങ്കൻ പ്രസിഡന്റ് വ്യക്തമാക്കി. എട്ട് ആന്റി- ഷിപ്പ് മിസൈലുകൾ വഹിച്ചിരുന്ന വിമാനങ്ങൾക്ക് അനുമതി നൽകുന്നത് രാജ്യത്തിന്റെ പരമാധികാരത്തെയും നിഷ്പക്ഷതയെയും ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. തങ്ങൾ വിദേശ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും ഇന്ത്യൻ മഹാസമുദ്രത്തിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.
മാത്രമല്ല മാർച്ച് നാലിന് ഗാലിന് സമീപം ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന അമേരിക്കൻ അന്തർവാഹിനിയുടെ ടോർപ്പിഡോ ആക്രമണത്തിൽ തകർന്ന സംഭവം മേഖലയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഈ ആക്രമണത്തിൽ 84 ഇറാനിയൻ നാവികർ കൊല്ലപ്പെടുകയും 32 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് 219 ക്രൂ അംഗങ്ങളുമായി എത്തിയ മറ്റൊരു ഇറാനിയൻ കപ്പലായ ഐആർഐഎൻഎസ് ബുഷെർ കൊളംബോ തുറമുഖത്ത് പ്രവേശിക്കാൻ അനുമതി തേടിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ അവരെ കിഴക്കൻ തുറമുഖമായ ട്രിങ്കോമാലിയിലേക്ക് തിരിച്ചുവിട്ടിരുന്നു.












































