കൊച്ചി: മഹാത്മാ ഗാന്ധി പറഞ്ഞ കാര്യങ്ങൾ മനസിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ നന്നായേനേ എന്നു ഹൈക്കോടതി. ‘‘ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല. കുവൈറ്റിൽ നിന്നു നാടുകടത്തപ്പെട്ട സൂരജ് ലാമയുടെ കാര്യത്തിൽ എല്ലാ സംവിധാനവും പരാജയപ്പെട്ടു. ഇവിടെ വിഐപികൾക്കു മാത്രമേ പരിഗണനയുള്ളൂ. സാധാരണക്കാർ ആർക്കും പ്രധാനമല്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കുവൈത്തിൽനിന്നു നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയെ കാണാനില്ലെന്നു കാട്ടി മകൻ സന്ദൻ ലാമ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഇതിനിടെ കളമശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതാണോ എന്നതിൽ ഫൊറൻസിക് ഫലം ഹാജരാക്കാനും കോടതി നിർദേശിച്ചു. സൂരജ് ലാമയുടെ കാര്യത്തിൽ ഇതുവരെ സംഭവിച്ച പലതും ഞെട്ടിക്കുന്നതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാർ ഇതു സംബന്ധിച്ച് നൽകിയ മറുപടിയിൽ ഇനിയും ചോദ്യങ്ങൾ ബാക്കിയാണ്. അദ്ദേഹത്തെ കുവൈത്തിൽനിന്നു കയറ്റി വിട്ടതു സംബന്ധിച്ച രേഖകൾ കേന്ദ്രം സമർപ്പിക്കണം. പോലീസ് സൂരജ് ലാമയെ ഒരു ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവറാണ് ഒപി ടിക്കറ്റ് എടുത്തത് എന്നാണ് മെഡിക്കൽ സൂപ്രണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നത്.
അങ്ങനെയെങ്കിൽ സൂരജ് ലാമയെ ആശുപത്രിയിലേക്ക് അയയ്ക്കുന്നു എന്നുള്ള പോലീസിന്റെ രേഖ എവിടെയെന്നു കോടതി ചോദിച്ചു. ‘‘ആരും കൂടെപ്പോയില്ലേ?. ആരാണ് ആംബുലൻസിന് പണം നൽകിയത്? അദ്ദേഹത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചുരുക്കത്തിൽ, എല്ലാ സംവിധാനവും പരാജയപ്പെടുകയായിരുന്നു. കൊല്ലാൻ വേണ്ടി കൊണ്ടുവന്നതു പോലെ എന്ന് മുൻപു പറഞ്ഞത് ആവർത്തിക്കേണ്ടി വരുന്നു’’– കോടതി പറഞ്ഞു.
അതേസമയം കുവൈത്തിൽ മദ്യദുരന്തത്തിന് ഇരയായി ഓർമ നഷ്ടപ്പെട്ട സൂരജ് ലാമയെ അധികൃതർ കഴിഞ്ഞ ഒക്ടോബറിൽ കൊച്ചിയിലേക്കു കയറ്റി വിട്ടിരുന്നു. തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു പുറത്തിറങ്ങിയ ലാമയെപ്പറ്റി പിന്നീടു വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ ലാമയുടേതെന്നു സംശയിക്കുന്ന മൃതദേഹം അടുത്തിടെ നെടുമ്പാശേരിയിൽനിന്നു ലഭിച്ചിരുന്നു. ഇതിന്റെ ഡിഎൻഎ പരിശോധനാഫലം പുറത്തു വന്നിട്ടില്ലാത്തതിനാൽ അക്കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
















































