തിരുവനന്തപുരം: പൊതുപണിമുടക്കിൽ നട്ടംതിരിഞ്ഞ് നാട്ടുകാർ പൊരിവെയിലിൽ റോഡിലൂടെ നടക്കുമ്പോൾ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റോസ് ഹൗസിൽനിന്ന് മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്കു നടന്നെത്തി. ആറു മാസം മുൻപ് പ്രഖ്യാപിച്ച സമരമാണെന്നും ഒരു തവണ മാറ്റിവച്ചിരുന്നുവെന്നും സമരക്കാർ ബോധപൂർവം ജനങ്ങളെ ദ്രോഹിക്കുന്നുവെന്നു പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
‘‘കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് ഗണേഷ് കുമാർ മന്ത്രിയെന്ന നിലയിൽ നടത്തിയ അഭിപ്രായപ്രകടനമാണ്. എന്നാൽ സമരത്തിന് അനുകൂല നിലപാടാണ് എൽഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. തൊഴിലാളി വിരുദ്ധ നയങ്ങൾ പാസാക്കാനാണു കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ അതൊന്നും നടപ്പാക്കുന്ന പ്രശ്‌നമില്ല. കേന്ദ്രം തൊഴിലാളികളുമായി ചർച്ച ചെയ്യണം. എത്ര സംസ്ഥാനങ്ങളിൽ പണിമുടക്ക് നടന്നു എന്നതല്ല പ്രശ്‌നം. തൊഴിലാളികൾ ഉന്നയിക്കുന്ന പ്രശ്‌നത്തിൽ എത്രത്തോളം കഴമ്പുണ്ട് എന്നതാണു കണക്കിലെടുക്കേണ്ടത്.
മുതലാളിമാർക്കും കുത്തകകൾക്കും സഹായകരമായ നിലപാട് അംഗീകരിക്കാൻ പാടില്ല. സമരം ചെയ്ത് തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ ഏതെങ്കിലും സർക്കാർ വന്ന് തകിടംമറിക്കുന്നത് അനുവദിക്കുന്നത് ശരിയല്ല’’ – മന്ത്രി പറഞ്ഞു.