സിംഗപ്പൂർ: ബിസിനസ് ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു സുമോ സലാഡ് എന്ന ഭക്ഷണശാലയുടെ ഉടമയായിരുന്ന ജെയ്ൻ ലീ എന്ന ബിസിനസുകാരിയുടെ മരണം. തന്‍റെ ഇന്ത്യക്കാരിയായ ജോലിക്കാരി വ്യാജ പരിക്ക് അഭിനയിച്ച് പണം തട്ടാന്‍ ശ്രമിച്ചെന്ന എഫ്ബി കുറിപ്പിന് പിന്നാലെയായിരുന്നു ജെയ്ൻ ലീയുടെ മരണം.
ഇതോടെ അസ്വാഭാവിക മരണത്തിനാണ് സിംഗപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് ചാനൽ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെ ടാര്‍ഗറ്റ് സ്റ്റോറില്‍ നിന്നും ഒരു ലക്ഷം രൂപയുടെ സാധനങ്ങളുമായി കടന്ന് കളയാന്‍ ശ്രമിച്ചതിന് പിടിയിലായ ഇന്ത്യന്‍ യുവതിക്ക് പിന്നാലെയാണ് മറ്റൊരു ഇന്ത്യന്‍ യുവതിക്കെതിരെ വിദേശത്ത് നിന്നും പരാതി ഉയരുന്നത്.
ജൂലൈ 17 -നാണ് ജെയ്ൻ ലീ തന്‍റെ ജോലിക്കാരിയായ ഇന്ത്യന്‍ യുവതിക്കെതിരെ തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിപ്പെഴുതിയത്. രണ്ട് ദിവസങ്ങൾക്ക് ശേഷം ജൂലൈ 19 ന് അവരെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ലീയുടെ മരണ കാരണം വ്യക്തമല്ലെന്ന് പറഞ്ഞ സിംഗപ്പൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സിംഗപ്പൂരിലെ ഹോളണ്ട് വില്ലേജിലുള്ള സുമോ സലാഡ് എന്ന ഭക്ഷണശാലയുടെ ഉടമയായിരുന്നു ജെയ്ൻ ലീ. മരണത്തിന് ഒരു ദിവസം മുമ്പ് തന്‍റെ റെസ്റ്റോറന്‍റിലെ ഇന്ത്യന്‍ ജീവനക്കാരി നഷ്ടപരിഹാരം തട്ടിയെടുക്കാനായി ജോലിക്കിടെ വീണ് പരിക്കേറ്റതായി അഭിനയിച്ചു. അതും അവരുടെ കോണ്‍ട്രാക്റ്റ് തീര്‍ന്ന ദിവസം.