കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ്തന്നെ പാലക്കാട് ബിജെപിയെ പ്രതിരോധത്തിലാക്കിയ വോട്ടിന് പണം ആരോപണത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി കൂടുതൽ ഫോട്ടോകൾ പുറത്ത്. പുറത്ത് വന്ന ദൃശ്യങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനൊപ്പം ഉള്ള സിമി സജീവിന് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. നേരത്തെ പുറത്തുവന്ന ചിത്രങ്ങളിൽ സിമി സജീവ് ശോഭാ സുരേന്ദ്രനും കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാനുമൊപ്പം നിൽക്കുന്ന ചിത്രവുമുണ്ടായിരുന്നു. പിന്നാലെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനൊപ്പം ഉള്ള ചിത്രങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്.
പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള ചിത്രമായിരുന്നു പുറത്തുവന്നത്. ഇന്നലെ കണ്ണാടിയിൽ യുവതി ശോഭ സുരേന്ദ്രന്റെ കാറിൽ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും കോൺഗ്രസ് പുറത്തുവിട്ടിരുന്നു. വയോധികയ്ക്ക് പണം കൈമാറിയ സ്ത്രീയെ അറിയില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. തന്റെ വാഹനത്തിൽ താനും പ്രമീള ശശിധരനും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും ശോഭ പറഞ്ഞിരുന്നു.
അതേസമയം തരുവാകുറിശ്ശിയിൽ ഒരു മരണവീട്ടിൽ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവർത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രൻ തിരികെ കാറിൽ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യിൽ പണംവെച്ചു നൽകുകയായിരുന്നു. സംശയം തോന്നി വീട്ടിൽ പോയി പരിശോധിച്ചപ്പോൾ വയോധികയുടെ കയ്യിൽ അയ്യായിരം രൂപ ഉണ്ടായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു. ജില്ലാ കലക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

















































