തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖ് കുറ്റക്കാരൻ തന്നെയെന്നു പോലീസ്. സിനിമാ ചർച്ചയ്ക്കെന്ന പേരിൽ തിരുവനന്തപുരത്തെ മാസ്കറ്റ് ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയതു ദുരുദ്ദേശ്യത്തോടെയെന്നു കുറ്റപത്രത്തിൽ പറയുന്നു. ഹോട്ടലിലേക്കു യുവതിയെ വിളിച്ചുവരുത്തിയ സിദ്ദിഖ് അവിടെവച്ച് അവരെ ബലാത്സംഗം ചെയ്തുവെന്നു നേരത്തേ കോടതിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് പറഞ്ഞതു തന്നെയാണു കുറ്റപത്രത്തിലുമുള്ളത്.
മാത്രമല്ല ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപുതന്നെ നടി പീഡനം വെളിപ്പെടുത്തിയതിനു സാക്ഷികളുണ്ടെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. സംഭവം പുറത്തു പറയുമെന്നു നടി പറഞ്ഞപ്പോൾ, ഒരു പ്രൊഫൈലും ഇല്ലാത്തതിനാൽ അവരെ ആരും വിശ്വസിക്കില്ലെന്നും താനുമായി താരതമ്യപ്പെടുത്തുമ്പോൾ അവരുടെ നില പൂജ്യമാണെന്നും പറഞ്ഞ് സിദ്ദിഖ് ഭീഷണിപ്പെടുത്തിയെന്നും പോലീസ് ചൂണ്ടിക്കാട്ടിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടൻ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും.
പത്താംക്ലാസ് വിദ്യാഭ്യാസം, ഭാര്യ വിദേശത്തു പണിയെടുത്തുണ്ടാക്കിയ കാശെല്ലാം ചിലവഴിച്ചു, 49 ലക്ഷം രൂപ കടം, ഭാര്യ നാട്ടിലെത്തുമ്പോഴേക്കും പണം കണ്ടെത്താൻ മോഷണം, ആദ്യ ശ്രമം നാലു ദിവസം മുൻപ്, പോലീസിനെ കണ്ട് ഉപേക്ഷിച്ചു
2016 ജനുവരി 28ന് ആയിരുന്നു പീഡനമെന്നാണു യുവതിയുടെ പരാതി. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവിന് എത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാൻ നടിയെയും കുടുംബത്തെയും സിദ്ദിഖ് ക്ഷണിച്ചതിനും നടി ഹോട്ടലിൽ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷി മൊഴികളും ഡിജിറ്റൽ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
അതേസമയം പീഡനം നടന്ന് 8 വർഷത്തിന് ശേഷമാണ് പരാതി എന്നായിരുന്നു ആരോപണം നിഷേധിക്കാൻ സിദ്ദിഖിന്റെ പ്രധാനമായും വാദിച്ചത്. യുവതി സമാന ആരോപണം ഉന്നയിച്ച ഫെയ്സ്ബുക് പോസ്റ്റുകളിലൊന്നും തൻറെ പേരില്ലെന്നും വാദിച്ചിരുന്നു. പീഡനത്തിനു പിന്നാലെ യുവതി കൊച്ചിയിൽ ചികിത്സ തേടി. ഈ ഡോക്ടറോട് അന്നുതന്നെ പീഡനവിവരം വെളിപ്പെടുത്തിയെന്നും ഡോക്ടർ മൊഴി നൽകിയെന്നും അന്വേഷണസംഘം വിശദീകരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയെടുത്ത കേസുകളിൽ ശക്തമായ തെളിവുള്ള കേസെന്ന വിശ്വാസത്തോടെയാണ് പ്രത്യേകസംഘം അന്വേഷണം പൂർത്തിയാക്കിയത്. സുപ്രീം കോടതിയുടെ മുൻകൂർ ജാമ്യമുള്ളതിൽ, നേരത്തേ പോലീസിനു മുന്നിൽ ഹാജരായ സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് ഉപാധികളോടെ ജാമ്യത്തിൽ വിട്ടിരുന്നു.