കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വന്നതിന് പിന്നാലെ മൗനം വെടിഞ്ഞ് താരസംഘടനയായ അമ്മ. തങ്ങൾ വിധി വരാൻ കാത്തിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് പ്രതികരിക്കാൻ വൈകിയതെന്നുമായിരുന്നു പ്രസിഡന്റ് ശ്വേത മേനോന്റെ പ്രതികരണം. അതുപോലെ അതിജീവിതയ്‌ക്കൊപ്പമാണ് തങ്ങളെന്നും ശ്വേത മേനോൻ പറഞ്ഞു.
എട്ട് വർഷത്തെ പോരാട്ടമായിരുന്നു ആ കുട്ടിയുടേത്. എല്ലാവർക്കുമുള്ള വലിയൊരു ഉദാഹരണമാണവൾ. അപ്പീലിന് പോകണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. താനായിരുന്നു ആ കുട്ടിയുടെ സ്ഥാനത്തെങ്കിൽ ഉറപ്പായും അപ്പീൽ പോകുമായിരുന്നുവെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കൂടിയത് അടിയന്തര മീറ്റിംഗ് ആയിരുന്നില്ലെന്നും ദിലീപിനെ തിരിച്ച് സംഘടനയിലേക്കെടുക്കുന്ന കാര്യത്തിൽ സംസാരമേ ഉണ്ടായിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ലെന്നും ശ്വേത പറഞ്ഞു. ‘ഞങ്ങൾ അവൾക്കൊപ്പമാണ്. മൂന്നാഴ്ച മുമ്പേ തീരുമാനിച്ച മീറ്റിംഗാണ് നടന്നത്. അടിയന്തര യോഗമല്ല. ചേർന്നത്. മറ്റ് തീരുമാനങ്ങളൊന്നുമെടുത്തിട്ടില്ല. മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണ്. ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല. അങ്ങനെ ആരും അഭിപ്രായം പോലും പറഞ്ഞിട്ടില്ല. ഒന്നും എടുത്തുചാടി ചെയ്യില്ല’, ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിലെ 6 പ്രതികൾക്ക് വിചാരണക്കോടതി ശിക്ഷ വിധിച്ചിരുന്നു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവ്, 3,25,000 രൂപ പിഴ, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് 20 വർഷം കഠിന തടവ്1,50, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പിക്ക് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, അഞ്ചാം പ്രതി വടിവാൾ സലീമിന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വർഷം കഠിന തടവ് 1,25,000 രൂപ പിഴ എന്നിങ്ങനെയാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.














































