കൊച്ചി: 10 വർഷം മുൻപ് പറ്റിയ പിടിപ്പുകേട് വീണ്ടും ആവർത്തിക്കാതിരിക്കാനുള്ള നീക്കത്തിലാണ് പോലീസ്. അന്ന് പോലീസിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു ലഹരിക്കേസിൽ ഷൈനിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. എന്നാൽ അന്ന് വലയിൽ നിന്നു ചാടിയ ഷൈൻ കേവലം രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും വീണ്ടും മറ്റൊരു ലഹരിക്കേസിൽ വന്നു ചാടിയിരിക്കുകയാണ്. ആദ്യ കേസിൽ ഷൈൻ അടക്കമുള്ളവരെ കോടതി വെറുതെ വിട്ടതെങ്കിൽ, ഇത്തവണ ഒരു സാധ്യതയും ഉപയോഗിക്കാതെ പോകരുത് എന്ന തീരുമാനത്തിലായിരുന്നു പോലീസ്. അതുകൊണ്ടുതന്നെ എല്ലാ സന്നാഹങ്ങോടും കൂടെയാണ് പോലീസിന്റെ പടപ്പുറപ്പാട്.
അതേസമയം ഇത്തവണ ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ അദ്ദേഹത്തിനെതിരെ കേസുകളൊന്നുമില്ലായിരുന്നു. എന്നാൽ വൈകിട്ടോടെ എൻഡിപിഎസിലെ വകുപ്പ് 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎൻഎസിലെ വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) കുറ്റങ്ങൾ ചുമത്തിയാണ് ഷൈൻ അറസ്റ്റിലായത്. മുൻപ് അസാധാരണ പെരുമാറ്റങ്ങളും മറ്റുംകൊണ്ട് പലപ്പോഴും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്ന ഷൈൻ, ലഹരിമരുന്ന് ഉപയോഗിക്കുന്നതുകൊണ്ടാണ് ഇത്തരത്തിൽ പെരുമാറുന്നത് എന്നുവരെ ആക്ഷേപങ്ങളുണ്ടായിരുന്നു. താൻ രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ടായിരുന്നു എന്നാണ് ഇന്ന് ഷൈൻ പോലീസിന് നൽകിയ മൊഴി. കൂടാതെ കഴിഞ്ഞ വർഷം 12 ദിവസത്തോളം ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
ആദ്യം ഷൈൻ അറസ്റ്റിലായത് 2015 ജനുവരി 31നാണ്. കലൂർ–കടവന്ത്ര റോഡിലെ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ പോലീസ് നടത്തിയ റെയ്ഡിൽ ഷൈനും നാലു വനിതാ മോഡലുകളുമാണ് അറസ്റ്റിലായത്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കൊക്കെയ്ൻ കേസായിരുന്നു അത്. എട്ടു ഗ്രാം കൊക്കെയ്ൻ ഇവരിൽ നിന്നു പിടിച്ചെടുത്തു എന്നായിരുന്നു കേസ്. പിന്നീട്, ഇവർക്ക് കൊക്കെയ്ൻ വിതരണം ചെയ്ത നൈജീരിയൻ സ്വദേശി, രണ്ടു ചെന്നൈ സ്വദേശികൾ തുടങ്ങിയവരും അറസ്റ്റിലായി. എന്നാൽ 10 വർഷത്തിനു ശേഷമുണ്ടായ വിധിയിൽ എല്ലാവരേയും വിട്ടയച്ചു. വനിതാ മോഡലുകളെ പരിശോധിക്കുമ്പോൾ ഗസറ്റഡ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്ന നിയമം പാലിക്കപ്പെട്ടില്ല എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിധി.