കൊച്ചി: 2025 -26 വർഷത്തേക്കുള്ള സിഐഐ കേരള സംസ്ഥാന കൗൺസിൽ ചെയർപേഴ്സണായി ഫെഡറൽ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും റീട്ടെയിൽ ബിസിനസ് മേധാവിയുമായ ശ്രീമതി ശാലിനി വാരിയരെയും വൈസ് ചെയർമാനായി വി.കെ.സി ഫുട്‌ഗിയർ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. വി.കെ.സി. റസാഖിനെയും തെരഞ്ഞെടുത്തു.
സിഐഐ ഇന്ത്യൻ വിമൺ നെറ്റ്‌വർക്കിന്‍റെ (ഐഡബ്ല്യുഎൻ) സംസ്ഥാന, ദക്ഷിണേന്ത്യൻ പ്രാദേശിക തലങ്ങളിൽ വിവിധ ചുമതലകൾ ശ്രീമതി ശാലിനി വാരിയർ കൈകാര്യം ചെയ്തിട്ടുണ്ട്. 2020 ജനുവരി 15 മുതൽ ഫെഡറൽ ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ശ്രീമതി വാരിയർ നിയമിതയായി. 2015 നവംബർ 2-ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി ബാങ്കിൽ ചേർന്ന അവർ, പ്രവർത്തനമികവിനും ഡിജിറ്റൽ ഇന്നൊവേഷനുമാണ് പ്രധാനമായും ശ്രദ്ധ നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയിലെ അംഗമായ അവർ 1989- ൽ അഖിലേന്ത്യാ തലത്തിൽ ഒന്നാമതെത്തിയിരുന്നു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്‍റെ സർട്ടിഫൈഡ് അസോസിയേറ്റും കൂടിയാണ് അവർ. നിലവിലെ റീട്ടെയിൽ ബാങ്കിങ് മേഖലയിലെ വിപണി സാന്നിധ്യം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ബാങ്കിന്‍റെ സംരംഭങ്ങൾക്ക് നേതൃത്വം നൽകി വരുന്നു. ബാങ്കിന്‍റെ ഭാവി ദിശ രൂപപ്പെടുത്തുന്നതിനും ഓഹരി ഉടമകളുടെ മൂല്യം വർധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബോർഡുമായും ഉന്നത മാനേജ്മെന്‍റ് ടീമുമായും സഹകരിക്കുന്നു. ബാങ്കിന്‍റെ അസോസിയേറ്റായ ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്‍റെ ബോർഡിൽ നോമിനി ഡയറക്ടറുമാണ് അവർ.
വി.കെ.സി. റസാഖ് ഇന്ത്യൻ പാദരക്ഷാ വ്യവസായത്തിലെ പ്രധാന സംരഭങ്ങളിലൊന്നായ വി.കെ.സി. കോർപ്പറേറ്റ് ഹൗസിന്‍റെ മാനേജിങ് ഡയറക്ടറാണ്. മൈക്രോസെല്ലുലാർ പി.വി.സി, എയർ-ഇൻജെക്റ്റഡ് പി.വി.സി തുടങ്ങിയ സാങ്കേതിക മുന്നേറ്റങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു, ഇത് പാദരക്ഷാ ഉത്പാദനത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ദീർഘവീക്ഷണം ഇന്ത്യയിലെ ആദ്യത്തെ പി.യു. പാദരക്ഷകളിലേക്ക് നയിച്ചു. ഇത് പ്രീമിയം ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിലെത്തിക്കുന്നതിന് സഹായകരമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, വി.കെ.സി. ആറ് ശക്തമായ ബ്രാൻഡുകളുമായി (വി.കെ.സി. പ്രൈഡ്, വി.കെ.സി. ഡിബോൺ, ഡിബോംഗോ, ഈസി, ജാ.മേയ്.കാ, ഗുഡ്‌സ്പോട്ട്) വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ആഗോള സംരംഭമായി വളർന്നു. ബിസിനസിനപ്പുറം, റസാഖ് ഒരു ചിന്തകനും വ്യവസായ ഫോറങ്ങളിലും നയപരമായ സംവാദങ്ങളിലും, പ്രത്യേകിച്ച് എം.എസ്.എം.ഇ.കൾക്കായി സജീവമായി ഇടപെടുന്ന വ്യക്തിയുമാണ്.
സുസ്ഥിരതയോടുള്ള പ്രതിബദ്ധതയോടെ, ലോകത്തിലെ ആദ്യത്തെ 100% റീസൈക്കിൾ ചെയ്തതും സർക്കുലർ പാദരക്ഷാ ബ്രാൻഡായ ‘ഗോ പ്ലാനറ്റ്-ഡി ബൈ ഡിബോംഗോ’ അദ്ദേഹം വികസിപ്പിച്ചു. വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരംഭങ്ങൾ എന്നിവയിൽ അദ്ദേഹത്തിന്റെ കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തോടുള്ള സമർപ്പണം കാണാൻ കഴിയും. നവീകരണത്തിന്റെയും സാമൂഹിക സ്വാധീനത്തിന്റെയും ഒരു ചാമ്പ്യൻ എന്ന നിലയിൽ, റസാഖ് ഇന്ത്യയുടെ ബിസിനസ് രംഗത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഭാവിയിലെ സംരംഭകർക്ക് പ്രചോദനം നൽകുകയും രാജ്യത്തിന്‍റെ ആഗോള സാമ്പത്തിക സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് വേണ്ടുന്ന ഇടപെടലുകൾ അദ്ദേഹം നടത്തുന്നു.