വടക്കാഞ്ചേരി: കെഎസ്‌യു പ്രവർത്തകരെ മുഖം മൂടിയിട്ടും കയ്യാമം വച്ചും കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി സിഐ ഷാജഹാനെതിരായ നടപടി സസ്പെൻഷനിൽ മാത്രം ഒതുക്കിയതിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംഎൽഎ. സ്ഥലം മാറ്റി ഓമനിക്കുകയല്ല പിരിച്ചുവിട്ട ശിക്ഷിക്കുകയാണ് വേണ്ടത് എന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ഷാജഹാൻ ഒരു ഏരിയ സെക്രട്ടറി പെരുമാറുന്നതിലും മോശമായി രാഷ്ട്രീയ പക്ഷപാതത്തോടെയാണ് ഇടപെട്ടത്. കൊടി സുനിക്ക് രണ്ടെണ്ണം വീശാൻ ടച്ചിങ്‌സും കൊടുത്ത സർക്കാർ സംവിധാനങ്ങളാണ് കെഎസ്‌യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ കൊണ്ട് പോയതെന്നും എംഎൽഎ പ്രതികരിച്ചു.
കെഎസ്‍യു പ്രവർത്തകരെ ത്രീവവാദികളെ പോലെയാണ് പോലീസ് മുഖംമൂടി അണിയിച്ച് കോടതിയിലെത്തിച്ചത്. കേരള പോലീസ് പെരുമാറുന്നത് പാർട്ടി ഗുണ്ടകളെ പോലെയെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. അതേസമയം ഷാജഹാനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു.
റിമാൻഡിൽ കഴിയുന്ന മൂന്ന് കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ നാളെ വടക്കാഞ്ചേരി കോടതി പരിഗണിക്കും. എസ്എഫ്ഐ പ്രവർത്തകരിൽ നിന്നും മർദ്ദനമേറ്റ് തൃശൂർ കോപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ മൊഴിയെടുക്കാൻ കേസ് എടുക്കാനോ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്.
ഇതിനിടെ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി ജിജേഷിനെയും ജയിലിൽ എത്തി ഗണേഷ് ആറ്റൂർ ഉൾപ്പെടെയുള്ള കെഎസ് യു നേതാക്കളെയും കണ്ടു. മുള്ളൂർക്കരയിലെ എസ്എഫ്ഐ-കെഎസ്‌യു സംഘർഷത്തിൽ പ്രതികളായ കെഎസ്‌യു പ്രവർത്തകരെ കൊടും കുറ്റവാളികളെ പോലെ മുഖംമൂടി അണിയിച്ച കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി എസ്എച്ച്ഒയുടെ നടപടി ഏറെ വിമർശനം വിളിച്ചു വരുത്തിയിരുന്നു. എഫ്ഐആറിൽ പേരുള്ള പ്രതികളെ എന്തു തിരിച്ചറിയാൻ പരേഡ് നടത്താൻ വേണ്ടിയാണ് മുഖംമൂടി ധരിപ്പിച്ചതെന്ന് കോടതിയും ചോദിച്ചു. കൂടാതെ ഷാജഹാനോട് വിശദീകരണം തേടാൻ പോലീസിന് നിർദ്ദേശവും നൽകി.
തുടർന്നാണ് സിറ്റി പോലീസ് കമ്മീഷണർ ഷാജഹാനെതിരായ ആരോപണങ്ങൾ പരിശോധിച്ച് ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. പിന്നാലെ ഷാജഹാനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്. ഇന്ന് തിരുവനന്തപുരത്ത് എത്തി നേരിട്ട് വിശദീകരണം നൽകാനും ഡിജിപി ഷാജഹാന് നിർദ്ദേശം നൽകിയിട്ടുണ്ട്.