ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിടെയുണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 31 പേർ മരിച്ചതായി കരൂർ മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു. മരിച്ചവരിൽ 6 കുട്ടികളും 10 സ്ത്രീകളും 9 പുരുഷന്മാരും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. കൂടാതെ പരുക്കേറ്റ 40 പേർ അതീവ ഗുരുതരാവസ്ഥയിലാണ്. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവിലേക്ക് മാറ്റി.
റാലിക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആളുകൾ കുഴഞ്ഞുവീഴുകയായിരുന്നു. വിജയ്‌യുടെ കരൂർ റാലിയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് വിജയ് പ്രസംഗം പൂർത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സംഭവത്തിൽ വിജയ്ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സെന്തിൽ ബാലാജി കരൂർ ആശുപത്രിയിലെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ക്രമസമാധന ചുമതലയുള്ള എഡിജിപിയും കരൂരിലെത്തി.
തിക്കിലും തിരക്കിലും പെട്ട് പലരും കുഴഞ്ഞുവീഴാൻ തുടങ്ങിയതോടെ പ്രസംഗത്തിനിടെ വിജയ് ടിവികെ നേതാക്കളോട് ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. വിജയ് ഇടയ്ക്ക് ആൾക്കൂട്ടത്തിലേക്ക് വെള്ളക്കുപ്പികളും എറിഞ്ഞു കൊടുത്തിരുന്നു. ജനക്കൂട്ടം നിയന്ത്രണാതീതം ആയതോടെ പോലീസിന്റെ സഹായം ആവശ്യപ്പെട്ട വിജയ് പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായിരുന്നു കരൂരിലെ റാലി. കനത്ത തിരക്കിനെ തുടർന്ന് നിരവധി പേർ ബോധരഹിതരായതോടെ വിജയ്ക്ക് താൽക്കാലികമായി പ്രസംഗം നിർത്തേണ്ടി വന്നു. ജനാവലി വർധിക്കുകയും തിക്കും തിരക്കും കൂടുകയും ചെയ്തതോടെയാണ് പാർട്ടി പ്രവർത്തകരും കുട്ടികളും ബോധക്ഷയം വന്ന് കുഴഞ്ഞുവീണത്. ഇതിനിടെ വിജയ് പ്രസംഗം നിർത്തിവെച്ച്, ആളുകളോട് ശാന്തരാകാൻ ആവശ്യപ്പെടുകയും, ആവശ്യപ്പെട്ടവർക്ക് സഹായം എത്തിക്കാൻ ആംബുലൻസുകൾക്ക് വഴി നൽകണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇതിനിടെ ഒമ്പത് വയസ്സുകാരിയായ ഒരു പെൺകുട്ടിയെ കാണാതായതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർന്ന്, കുട്ടിയെ കണ്ടെത്താൻ സഹായം നൽകണമെന്ന് പോലീസിനോടും പ്രവർത്തകരോടും വിജയ് പരസ്യമായി അഭ്യർത്ഥിച്ചു.
#WATCH | Tamil Nadu: A large number of people attended the campaign of TVK (Tamilaga Vettri Kazhagam) chief and actor Vijay in Karur
A stampede-like situation reportedly occurred here. Several people fainted and were taken to a nearby hospital. More details are awaited.… pic.twitter.com/4f2Gyrp0v5
— ANI (@ANI) September 27, 2025