ചെന്നൈ: ആദായ നികുതി കേസിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയിക്ക് തിരിച്ചടി. ആദായനികുതി വകുപ്പ് ചുമത്തിയ ഒന്നര കോടി രൂപ പിഴത്തുക വിജയ് അടക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2016-ലെ വരുമാനത്തിൽ 15 കോടി രൂപ റിട്ടേൺസിൽ കാണിച്ചിട്ടില്ല എന്നായിരുന്നു കേസ്. വിജയ് നായകനായ പുലി സിനിമയുടെ വരുമാനം കണക്കിൽ കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിജയ്ക്കെതിരേ ആദായനികുതി വകുപ്പ് നടപടി എടുത്തത്.
1.5 കോടി രൂപ പിഴ അടക്കാൻ അന്ന് ആദായനികുതി വകുപ്പ് നിർദ്ദേശിച്ചു. ഇതിനെതിരേ വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് സെന്തിൽ കുമാർ രാമമൂർത്തിയാണ് നികുതിവെട്ടിപ്പിലെ പിഴ ശിക്ഷ ശരിവെച്ചത്.
നിയമവശം പരിശോധിച്ച ശേഷമാണ് നടപടി എന്നായിരുന്നു ആദായനികുതി വകുപ്പ് കോടതിയിൽ വാദിച്ചത്. പിഴ ചുമത്താനുള്ള സമയപരിധി കഴിഞ്ഞാണ് ആദായനികുതി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഉത്തരവ് ഉണ്ടായത് എന്നാണ് വിജയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.














































