ഏറ്റുമാനൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നതോടെ സീറ്റ് നിഷേധിക്കപ്പെട്ടതിൽ നിരാശ പ്രകടിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ. ഏറ്റുമാനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ച് കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം സജീവമായ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി പ്രചരണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങൾ അദ്ദേഹം പിന്നിട്ടിരുന്നു. ഏകദേശം 2000-ഓളം പോസ്റ്ററുകളും 500 ഫ്ലെക്സ് ബോർഡുകളും ഇതിനോടകം അടിച്ചു തയ്യാറാക്കിയിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഈ പ്രചരണ സാമഗ്രികളെല്ലാം പാഴായി.
ഇതിൻ്റെ ഭാഗമായി സാമ്പത്തിക നഷ്ടവും ഉണ്ടായി. കഴിഞ്ഞ ബുധനാഴ്ച 250-ഓളം പ്രവർത്തകരെ പങ്കെടുപ്പിച്ച് നിയോജക മണ്ഡലം കമ്മിറ്റി യോഗവും അദ്ദേഹം വിളിച്ചുചേർത്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് വരികയായിരുന്ന അദ്ദേഹത്തിന് സീറ്റ് ഇല്ലെന്ന കാര്യം ഇന്നലെ രാത്രി പട്ടിക പ്രഖ്യാപനത്തോടെയാണ് ഉറപ്പായത്. കേരളത്തിൽനിന്ന് ഹൈക്കമാൻഡിന് നൽകിയ പട്ടികയിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ തന്റെ പേര് മാത്രമാണുണ്ടായിരുന്നതെന്നും എന്നാൽ മറ്റ് ചില നേതാക്കളുടെ താൽപ്പര്യപ്രകാരം അവസാന നിമിഷം തന്നെ ഒഴിവാക്കിയതാകാമെന്നും വാഴയ്ക്കൻ പ്രതികരിച്ചു. സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലും പാർട്ടി വിടാനോ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനോ താൻ തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പും പങ്കുവെച്ചു.
കോട്ടയം ജില്ലയിലെ രാമപുരത്തെ കെ എസ് യൂ പ്രവർത്തകനായി തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം ഏതാണ്ട് അൻപത് വർഷത്തേക്ക് കടക്കുമ്പോൾ പേരിനൊപ്പം പറയുന്ന കോൺഗ്രസ് എന്നതാണ് തന്റെ ഐഡന്റിറ്റിയെന്ന് അദ്ദേഹം പറഞ്ഞു. കെ എസ് യൂവിന്റെ സംസ്ഥാന അധ്യക്ഷനും, യൂത്ത് കോൺഗ്രസ് നേതൃ പദവികളും, കെപിസിസിയുടെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, രാഷ്ട്രീയ കാര്യ സമിതി അംഗം തുടങ്ങി ഒട്ടേറെ പദവികൾ നൽകിയ പാർട്ടി തനിക്ക് അമ്മയെ പോലെയാണ്. ഏറ്റുമാനൂർ സീറ്റ് ശ്രദ്ധിക്കണം എന്ന് നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് അവിടെ സജീവമായത്. സ്ഥാനാർഥിത്വത്തിൽ ഒറ്റപേര് മാത്രമേയുള്ളു എന്ന് നേതൃത്വം അറിയിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനം വളരെയേറെ മുന്നോട്ട് പോയിരുന്നു. അവസാന നിമിഷം തീരുമാനം മാറ്റുമ്പോൾ സ്വഭാവികമായും ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് നേതൃത്വത്തോട് പ്രകടിപ്പിച്ചു എന്നത് സത്യമാണ്, എന്നാൽ അത് പാർട്ടിയുടെ മുന്നോട്ട് പോക്കിന് തടസ്സമാകില്ല. പിണറായി ഭരണത്തിൽനിന്ന് കേരളത്തെ രക്ഷിക്കുക എന്ന വലിയ ലക്ഷ്യത്തോടെയുള്ള യാത്രയിൽ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയമാണിത്. യുഡിഎഫ് മുന്നണിക്കായി ജനവിധി തേടുന്ന എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.












































