അബുജ: പട്ടാപ്പകൽ നൈജീരിയയിൽ സ്‌കൂളിൽനിന്നു തട്ടിക്കൊണ്ടുപോയ 315 കുട്ടികൾക്കായും 12 ജീവനക്കാർക്കായും തിരച്ചിൽ ഊർജിതമാക്കി പോലീസ്. ക്രിസ്ത്യൻ സ്‌കൂളിലെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. തോക്കുധാരികളായ സായുധ സംഘമാണ് ആക്രമണത്തിന് പിന്നിൽ. അതേസമയം തീവ്ര ഇസ്ലാമിസ്റ്റുകളാണ് ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതെന്ന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു. നൈജീരിയയിൽ തീവ്ര ഇസ്ലാമിസ്റ്റുകൾ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്തുവെന്നും വേണമെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്ക പ്രസിഡൻറ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്.
നൈജീരിയയിലെ നൈജറിൽ പാപ്പിരിയിലുള്ള സെന്റ് മേരീസ് സ്‌കൂളിന്റെ ഹോസ്റ്റലിൽ നിന്നാണ് വിദ്യാർത്ഥികളെയും ജീവനക്കാരെയും തട്ടികൊണ്ടുപോയത്. തോക്കുധാരികളായ അക്രമിസംഘമാണ് പട്ടാപകൽ ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയത്. ആക്രമണത്തിനിടെ ഒരു സുരക്ഷാ ജീവനക്കാരന് വെടിയേറ്റു. കുട്ടികളെ സുരക്ഷിതമായി തിരികെ എത്തിക്കാൻ സർക്കാരും സുരക്ഷാ ഏജൻസികളും സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
അതേസമയം സുരക്ഷാ ഭീഷണികൾ വർദ്ധിച്ചുവരുന്നതിനാൽ എല്ലാ ബോർഡിംഗ് സ്‌കൂളുകളും താൽക്കാലികമായി അടച്ചിടാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ആക്രമണം. സമീപ സംസ്ഥാനങ്ങളായ കാറ്റ്‌സിന, പ്ലാറ്റോ എന്നിവിടങ്ങളിലെ അധികാരികൾ മുൻകരുതൽ നടപടിയായി എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ആക്രമണസാധ്യത നിലനിൽക്കുന്ന മേഖലകളിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് നൈജർ സംസ്ഥാന പോലീസ് കമാൻഡ് പറഞ്ഞു.
കൂടാതെ സാഹചര്യം കണക്കിലെടുത്ത് നൈജർ പ്രസിഡന്റ് ബോല ടിനുബു ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര പരിപാടികൾ റദ്ദാക്കി. തിങ്കളാഴ്ച വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ സംസ്ഥാനമായ കെബിയിലെ ഒരു സ്‌കൂളിൽ നിന്ന് ആയുധധാരികൾ അതിക്രമിച്ചു കയറി 25 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.

















































