കോട്ടയം: യുവതിക്കെതിരെ ജാതി അധിക്ഷേപവും കത്തിക്കുത്തും നടത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി ദീപുവിഹാര്‍ വീട്ടില്‍ പ്രഹ്‌ളാദന്റെ മകന്‍ ദീപു പ്രഹ്ലാദ് (34) ആണ് റിമാൻഡിൽ ആയിരിക്കുന്നത്. കോട്ടയം തിരുവഞ്ചൂരാണ് സംഭവം നടന്നത്. പട്ടികജാതിക്കാരിയായ വിവാഹം കഴിക്കാമെന്നും ബിസിനസ് പാർട്ണർ ആക്കാമെന്നും പറഞ്ഞ് യുവതിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ യുവാവ് തട്ടിയെടുക്കുകയും ചെയ്തു.
രണ്ട് വര്‍ഷത്തോളം യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് കംപ്യൂട്ടര്‍ സര്‍വീസ് സെന്ററായ സ്ഥാപനത്തിന്റെ ആവശ്യത്തിലേയ്ക്കാണ് പലപ്പോഴും യുവതിയില്‍ നിന്നും പണം കൈപ്പറ്റിയത്. പിന്നീട് പണം തിരികെ ചോദിക്കുമ്പോഴൊക്കെ അവധി പറഞ്ഞ് യുവതിയെ കബളിപ്പിക്കുകയും യുവതി വിളിക്കാതിരിക്കാന്‍ ഫോണ്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നീട് യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് ഭുവനേശ്വറില മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്ന് അറിയുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പല പെണ്‍കുട്ടികളേയും ഇയാള്‍ സമാനമായ രീതിയില്‍ കബളിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്തിട്ടുള്ളതും അറിഞ്ഞു.
മാത്രമല്ല ഇയാള്‍ രണ്ട് വിവാഹം കഴിച്ചയാളാണെന്നും രണ്ടാമത്തെ ഭാര്യ ഗാര്‍ഹിക പീഡനത്തിനും വിവാഹ മോചനത്തിനും കേസ് കൊടുത്ത വിവരവും യുവതി പിന്നീടാണ് അറിയുന്നത്. ഇവരില്‍ നിന്ന് വിവാഹ സമയത്ത് ലഭിച്ച സ്വര്‍ണവും ഇയാള്‍ കൈക്കലാക്കിയെന്നും മനസിലായി.
തുടര്‍ന്ന് യുവതി ഇയാള്‍ താമസിക്കുന്ന തിരുവഞ്ചൂരിലെ വാടക വീട്ടിലെത്തി എത്തി പണം തിരികെ ആവശ്യപ്പെട്ടപ്പോഴാണ് യുവതിയുടെ മുടിക്ക് കുത്തിപ്പിടിച്ച് മുഖത്തടിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തത്. പുതിയ കാമുകിയെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കത്തികൊണ്ട് കുത്തി യുവതിയുടെ കൈയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് യുവാവ് നിരവധിപ്പേരില്‍ നിന്നും പണം കൈപ്പറ്റിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. അയര്‍ക്കുന്നം പൊലീസ് സ്റ്റേഷനില്‍ യുവതി പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ ഇട്ടിരുന്നില്ല. തുടര്‍ന്ന് യുവതി മുഖ്യമന്ത്രിക്കും കോട്ടയം എസ്പി ഷാഹുല്‍ ഹമീദിനും പരാതിയെ നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ഹൈദരാബാദില്‍ ജോലി ചെയ്യുന്ന ഭുവനേശ്വര്‍ സ്വദേശിയായ യുവതിയെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് ഇയാള്‍ സ്ത്രീകളുമായി പരിചയം സ്ഥാപിക്കുകയും പ്രണയത്തിലായി പണം കൈക്കലാക്കുകയും ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു. കോട്ടയം ഡിവൈഎസ്പി കെ ജി അനീഷ് ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍.