ലഹോർ: ക്രിക്കറ്റ് മത്സരത്തിനിടെ ഒന്നുറങ്ങിപ്പോയതിനാൽ ഗ്രൗണ്ടിലെത്താൻ വൈകിയതിന്റെ പേരിൽ ‘ടൈംഡ് ഔട്ട്’ നടപടി നേരിട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം സൗദ് ഷക്കീൽ. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചുറി നേടിയ താരത്തിന്, പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലാണ് ഉറക്ക ഭ്രാന്ത് പണി കൊടുത്തത്. പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിൽ ടൈംഡ് ഔട്ട് നടപടി നേരിട്ട് പുറത്താകുന്ന ആദ്യ ബാറ്ററാണ് സൗദ് ഷക്കീൽ.
റാവൽപിണ്ടിയിൽ നടന്ന പ്രസിഡന്റ്സ് കപ്പ് ഫൈനലിനിടെ ഉറങ്ങിയപ്പോയതിനാലാണു സൗദ് ഷക്കീൽ ഗ്രൗണ്ടിലെത്താൻ വൈകിയതെന്നു റിപ്പോർട്ടുകളുണ്ട്. ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതോടെ പാക് ക്രിക്കറ്റ് പൊട്ടിത്തെറിയുടെ വക്കിലാണ്. സ്വന്തം രാജ്യത്തെ താരങ്ങൾക്കെതിരെ വസീം അക്രം, അക്തർ തുടങ്ങിയവർ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് അടുത്ത നാണക്കേടിന്റെ ഇന്നിങ്സ്.
റമദാൻ മാസമായതിനാൽ രാത്രി 7.30 മുതൽ പുലർച്ചെ 2.30 വരെയായിരുന്നു മത്സര സമയം. പാക്കിസ്ഥാനിൽ ആദ്യമായാണ് ഈ സമയത്ത് ക്രിക്കറ്റ് മത്സരം നടത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ടീമിന്റെ താരമായ സൗദ് ഷക്കീൽ പിടിവി ടീമിനെതിരായ മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് ഉറങ്ങുകയായിരുന്നു. പിടിവി താരം മുഹമ്മദ് ഷെഹ്സാദിന്റെ ഒറ്റ ഓവറിൽ രണ്ടു വിക്കറ്റ് വീണതോടെയാണ് സൗദ് ഷക്കീലിന്റെ ഊഴമെത്തിയത്. എന്നാൽ ഇതറിയാതെ താരമിരുന്ന് സുഖമായി ഉറങ്ങി. ആരും ഉറക്കത്തെ ശല്യപ്പെടുത്തി വിളിച്ചെഴുന്നേൽപ്പിച്ചുമില്ല.
ഒരു ബാറ്റർ പുറത്തായിക്കഴിഞ്ഞാൽ അടുത്തയാൾക്ക് ഗ്രൗണ്ടിലെത്തി ബാറ്റിങ്ങിനു തയാറെടുക്കാൻ അനുവദിച്ചിരിക്കുന്ന മൂന്നു മിനിറ്റാണ്. ആ ടൈമിനുള്ളിൽ സൗദ് ഷക്കീൽ വരാത്തതിനാൽ പുറത്താക്കണമെന്ന് എതിർ ടീം ആവശ്യപ്പെടുകയായിരുന്നു. അംപയർ ഈ തീരുമാനം അംഗീകരിക്കുകയും ചെയ്തു.
സൗദ് ഷക്കീലിനു പിന്നാലെയെത്തിയ ഇർഫാൻ ഖാൻ നിയാസി തൊട്ടടുത്ത പന്തിൽ പുറത്തായതോടെ പന്തെറിഞ്ഞ ഷെഹ്സാദ് ഹാട്രിക്കും സ്വന്തമാക്കി. 2023 ലോകകപ്പിലെ ബംഗ്ലദേശ്– ശ്രീലങ്ക മത്സരത്തിനിടെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിൽ അവസാനം ടൈംഡ് ഔട്ട് സംഭവിച്ചത്. ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലദേശ് താരങ്ങൾ ഈ രീതിയിലാണ് പുറത്താക്കിയത്. ഇത് പിന്നീട് വലിയ ചർച്ചകൾക്കു വഴിയൊരുക്കുകയും ചെയ്തിരുന്നു.