കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിമാരുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സതീശന്റെ നിർദേശപ്രകാരമാണ് യൂത്ത് കോൺഗ്രസ് സമരം എന്ന ആരോഗ്യമന്ത്രിയുടെ പരാമർശത്തിന് മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെയ്ക്കാൻ പറയലല്ല തന്റെ ജോലിയെന്നും സതീശൻ പ്രതികരിച്ചു. മുൻപ് തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നുവെന്നും അന്ന് കേസെടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
അതുപോലെ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരോഗ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നും സതീശൻ ഉറപ്പുനൽകി. ആരോഗ്യ മേഖലയിൽ സിസ്റ്റം തകർന്നു. പൊതു ആരോഗ്യമേഖല സംരക്ഷിക്കപ്പെടണം. മെഡിക്കൽ കോളേജുകളിൽ ചെന്നാൽ റിവേഴ്സ് റഫറൻസ് ആണ് നടക്കുന്നതെന്നും യുഡിഎഫ് വരുമ്പോൾ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരുടെ പങ്കാളിത്തം എസ്ഐടി പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും സതീശൻ പറഞ്ഞു. അറസ്റ്റിൽ ഗൂഢാലോചന സംശയിക്കുകയാണ്. എസ്ഐടി തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടു എന്നാണ് കോടതി പറഞ്ഞത്. സർക്കാരിനെതിരായ ആരോപണം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത് എന്നും തെളിവില്ലാതെ തന്ത്രി ജയിലിൽ കിടന്നതിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സതീശൻ പറഞ്ഞു.
രാവിലെ തൻ്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് അതിക്രമം വിഡി സതീശന്റെ നിർദ്ദേശപ്രകാരമാണ് നടന്നത് എന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജ് അൽപസമയം മുൻപ് പറഞ്ഞത്. അതിക്രമം നടത്തി മുന്നോട്ടുപോകാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും തെരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണ് കോൺഗ്രസ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും വീണാ ജോർജ് പറഞ്ഞിരുന്നു. കുത്തകകളെ സഹായിക്കാനുള്ള നിലപാടാണ് സതീശൻ എടുത്തിരിക്കുന്നത് എന്നും കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും ജനങ്ങൾ റീത്ത് വെയ്ക്കുമെന്നും വീണാ ജോർജ് പ്രതികരിച്ചിരുന്നു. ഇതിനു മറുപടിയായാണ് വിഡി സതീശനെത്തിയത്.
ഇന്ന് രാവിലെയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിലായിരുന്നു പ്രതിഷേധം.
ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിൻ്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചു. കൂടാതെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തിരുന്നു.
















































