കണ്ണൂർ: ഒന്നര വയസ്സുകാരനെ കടലിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. പിഴ അടച്ചാൽ തുക ഭർത്താവിന് നൽകണമെന്നും കോടതി വിധിച്ചു. ഒരമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണുണ്ടായതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു.
ഒന്നുമറിയാത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്. വിധി സമൂഹത്തിന് പാഠമാകണമെന്നും കോടതി പറഞ്ഞു. തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.ശരണ്യയ്ക്ക് വധശിക്ഷ നൽകണമെന്ന് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിയുടെ പ്രായവും മുൻപ് കേസുകളിൽ പ്രതിയല്ലെന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിച്ച് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു.
രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായിരുന്ന നിധിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. ഗൂഢാലോചന, കുറ്റകൃത്യം ചെയ്യാനുള്ള സഹായം, പ്രേരണ എന്നീ കുറ്റാരോപണങ്ങൾ തെളിയിക്കാനായില്ലെന്ന് കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച പറ്റിയെന്നും കോടതി വിലയിരുത്തി














































