തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞ് സഞ്ജു സാംസൺ. സഞ്ജുവിന്റെ അഭാവത്തിൽ മുഹമ്മദ് ഷാനുവാണ് കൊച്ചിയുടെ പുതിയ വൈസ് ക്യാപ്റ്റൻ. ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി യുഎഇയിലേക്കു പോകേണ്ടതിനാലാണ് വൈസ് ക്യാപ്റ്റൻ സ്ഥാനം സഞ്ജു ഒഴിഞ്ഞത്.
അതേസമയം സഞ്ജുവിന്റെ സഹോദരൻ സലി സാംസണാണ് കൊച്ചിയുടെ ക്യാപ്റ്റൻ. എട്ട് കളികളിൽ ആറും വിജയിച്ച കൊച്ചി കേരള ക്രിക്കറ്റ് ലീഗ് സെമി ഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമായിരുന്നു. 12 പോയിന്റുള്ള കൊച്ചി നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. അഞ്ച് വിജയങ്ങളുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് പത്ത് പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ലീഗ് ഘട്ടത്തിൽ ഇനി കൊല്ലം സെയ്‍ലേഴ്സിനെതിരായ മത്സരം മാത്രമാണ് കൊച്ചിക്ക് ബാക്കിയുള്ളത്.