ഈ ലോകകപ്പിലേക്കുള്ള സഞ്ജുവിന്റെ വരവ് ഡഗൗട്ടിൽ ഇരിപ്പുറപ്പിക്കാനെന്ന് പലരും പരിഹസിച്ചു, വെടിക്കെട്ട് ബാറ്റിങ്ങുമായി ഇഷാൻ കിഷനും കളംനിറഞ്ഞാടിയതോടെ കളത്തിലിറങ്ങിയ ശേഷം വിക്കറ്റ് കീപ്പറിന്റെ ഗൗസുപോലും ഊരിമാറ്റി പകരക്കാരന്റെ റോളിലേക്ക് മാറേണ്ടിവന്നു… അവിടെ നിന്നുള്ള സഞ്ജു വിശ്വനാഥ് സാംസണിന്റെ ഒന്നൊന്നര തിരിച്ചുവരവായിരുന്നു ഇന്നലെ ഈഡൻ ഗാർഡൻസിൽ കണ്ടത്. അതും തോറ്റാൽ ടീം ലോകകപ്പ് സെമി കാണാതെ പുറത്താവുമെന്ന അതിനിർണായക സാഹചര്യം. മുന്നിൽ കരീബിയൻ കരുത്തർ ഉയർത്തിയ 196 റൺസെന്ന റൺമല. ഏത് താരവും സമ്മർദത്തിന് അടിപ്പെടുന്ന നിമിഷം… അഭിഷേക് മുതൽ ഓരോരുത്തരായി വിൻഡീസിനു മുന്നിൽ തലകുനിച്ച് മടങ്ങി.
പക്ഷേ സഞ്ജു ശാന്തനായിരുന്നു. കളിയുടെ മനശാസ്ത്രം മനസിലാക്കിയ ഒരു പ്രൊഫഷണൽ ക്ലാസ് ബാറ്ററുടെ അസാമാന്യ പ്രകടനമാണ് പിന്നീട് ക്രിക്കറ്റ് ലോകം കാണുന്നത്. ഇന്ത്യ വിജയ റൺ കുറിച്ച ആ നിമിഷത്തിൽ കമന്റേറ്ററും പറഞ്ഞു, സഞ്ജു സ്പെഷ്യൽ സാംസൺ. അതേ അവൻ കളിക്കു ശേഷം പറഞ്ഞ വാക്കുകളിൽ തന്നെ അവന്റെ എക്സ്പീരിയൻസ് കാണാൻ സാധിക്കും. ഞാൻ കളിച്ച കളികൾ കുറവായിരിക്കും, പക്ഷെ ഡഗൗട്ടിലിരുന്ന് മുൻനിര താരങ്ങൾ റൺ മലകൾ ചെയ്സ് ചെയ്ത് കീഴടക്കുന്നത് കണ്ട എക്സ്പീരിയൻസ് എനിക്കുണ്ട്.
ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഫോമിലല്ലാതിരുന്നതിനാൽ വിമർശനം നേരിടുകയും ലോകകപ്പിലെ ആദ്യ മത്സരത്തിൽ ടീമിന് പുറത്താവുകയും ചെയ്ത സഞ്ജുവിന്റെ എ പ്ലസ് ഇന്നിങ്സാണ് ഇന്നലെ ഈഡനിൽ കണ്ടത്. അപകടകരമായ ഷോട്ടുകളിലേക്കൊന്നും കടക്കാതെ ടീമിന്റെ വിജയംമാത്രം ലക്ഷ്യമിട്ട് കൃത്യമായ ആസൂത്രണത്തോടെ കളിച്ച് വിജയം വരെയും ക്രീസിൽ തുടർന്നു. ഓപ്പണറായി ക്രീസിലെത്തിയ മലയാളിതാരം 12 ഫോറിന്റെയും നാലു സിക്സിന്റെയും അകമ്പടിയോടെയാണ് 97 റൺസിലെത്തിയത്. വിജയറണ്ണും അതേ ബാറ്റിൽനിന്നായത് കാലത്തിന്റെ കാവ്യനീതി.
പിന്നാലെ രണ്ടുകളിക്ക് മുൻപ് അഭിഷേകിനു പകരമാണോ, അതോ തിലകിന് പകരമാണോ സഞ്ജുവിനെ ഞാൻ കളിപ്പിക്കേണ്ടെതെന്ന് പരിഹസിച്ച് ചിരിച്ചുകൊണ്ടു ചോദിച്ച ക്യാപ്റ്റൻ സൂര്യകുമാറിനെക്കൊണ്ട് ക്യാപ്പൂരി തല കുനിപ്പിച്ച് സ്വീകരിക്കുന്നതിലേക്കുവരെ കൊണ്ടുചെന്നെത്തിച്ചു കാര്യങ്ങൾ.
ഇന്നലത്തെ മത്സരത്തിൽ ഓപ്പണർ അഭിഷേക് ശർമ (11 പന്തിൽ 10), ഇഷാൻ കിഷൻ (ആറു പന്തിൽ 10), ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (16 പന്തിൽ 18) എന്നിവർ ചെറിയ സ്കോറിൽ പുറത്തായപ്പോൾ വിജയസാധ്യത താഴ്ന്നെങ്കിലും തിലക് വർമയെ (15 പന്തിൽ 27) കൂട്ടുപിടിച്ച് നാലാം വിക്കറ്റിൽ 26 പന്തിൽ 42 റൺസ് ചേർത്ത് സഞ്ജു ആശങ്കയകറ്റി. എട്ടോവറിൽ 92 റൺസ് വേണമെന്നിരിക്കേ, ഷമർ ജോസഫ് എറിഞ്ഞ 13-ാം ഓവറിൽ ഇരുവരും ചേർന്ന് നാലു ഫോർ ഉൾപ്പെടെ 17 റൺസ് ചേർത്തതോടെയാണ് കളി ഇന്ത്യയുടെ വരുതിയിലായത്.
പിന്നാലെ നന്നായി കളിച്ചുവന്ന തിലകിനെ ജേസൺ ഹോൾഡറുടെ പന്തിൽ ഹെറ്റ്മെയർ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. പിന്നീട് ഹാർദിക് പാണ്ഡ്യയെ (17) കൂട്ടുപിടിച്ചായി തേരോട്ടം. അവസാന രണ്ടോവറിൽ 17 റൺസ് വേണ്ട ഘട്ടത്തിൽ ഷമർ ജോസഫിന്റെ പന്തിൽ ഹാർദിക് പുറത്തായെങ്കിലും പകരമെത്തിയ ശിവം ദുബെ (8*) ആദ്യ പന്തിൽത്തന്നെ ഫോറടിച്ചു. പിന്നാലെ മറ്റൊന്നുകൂടി. ഇതോടെ അവസാന ഓവറിൽ വേണ്ടത് വെറും ഏഴു റൺ. റൊമാരിയോ ഷെഫേർഡ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ സഞ്ജുവിന്റെ സിക്സ്. അടുത്ത പന്തിൽ ഫോർ. ഇന്ത്യയ്ക്ക് സെമിബെർത്ത്. സഞ്ജുവിന് എന്നെന്നും ഓർമ്മിക്കാവുന്ന ഒരു ഇന്നിങ്സ്.
കൂട്ടാളികൾ സമ്മർദത്തിന് അടിമപ്പെട്ട് വിക്കറ്റുകൾ വലിച്ചെറിയുമ്പോഴും സഞ്ജു ഒരു ഘട്ടത്തിലും സമ്മർദത്തിനടിപ്പെട്ടില്ല. അപകടകരമായ പന്തുകളെ അതിനനുസരിച്ച് നേരിട്ടാണ് സഞ്ജു ഇന്ത്യയെ മുന്നോട്ടുനയിച്ചത്. ചേസിങ്ങിൽ ഇത്രയും പെർഫെക്ഷനോടെ ഒരു പക്ഷേ സഞ്ജു കളിച്ചിട്ടുണ്ടാകില്ല. ടീമിന് വിജയിച്ചേ മതിയാവൂ എന്നതിനാൽ തളരാതെ പോരാടിക്കൊണ്ടേയിരുന്നു. ഒടുക്കം വിജയറൺ കുറിച്ച് ഇന്ത്യൻ ഡഗൗട്ടിലേക്ക് നടക്കുമ്പോൾ സ്‌റ്റേഡിയത്തിൽ നിന്ന് നിലയ്ക്കാതെ കയ്യടികളുയർത്തി. ക്യാപ്റ്റനും കോച്ചും സഹതാരങ്ങളും വാരിപ്പുണർന്നു…
















































