പാലക്കാട്: കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി രുദ്ര ജീവനൊടുക്കിയ സംഭവത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. രുദ്രയുടേത് കേവലം ഒരു മരണമല്ലെന്നും മറിച്ച് ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ മനുഷ്യത്വവിരുദ്ധമായ മുഖം വെളിവാക്കുന്ന ക്രൂരതയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
സ്വന്തം മകളുടെ തണുത്ത ശരീരം പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ കിടക്കുമ്പോള്‍ ആ അച്ഛനെ ഫോണില്‍ വിളിച്ച് ഒരു സംഘപരിവാര്‍ നേതാവ് പറഞ്ഞത് ‘സംഘത്തിന്റെ അഭിമാനമാണ് പ്രധാനം, അതുകൊണ്ട് കേസിന് പോകരുത്’ എന്നുമാണ്. സ്വന്തം പ്രവര്‍ത്തകന്റെ ഹൃദയം പിളരുന്ന വേദനയേക്കാള്‍ വലുതാണ് ഇവര്‍ക്ക് സംഘടനയുടെ പ്രതിച്ഛായയെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ വിമര്‍ശനം. സംഘപരിവാറിനിടയില്‍ വലിയ അംഗീകാരമുള്ള ഒരു വനിതാ നേതാവിനെ രുദ്രയുടെ പിതാവ് രാജേഷ് ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ഇതിലും പരിതാപകരമായിരുന്നു.
‘കുടുംബത്തോട് സഹതാപമുണ്ട്, പക്ഷേ ഇത് സംഘത്തിന്റെ സ്‌കൂളായി പോയില്ലേ…’ എന്ന നിസഹായാവസ്ഥയാണവര്‍ പ്രകടിപ്പിച്ചത്. സഹതാപമല്ല രാജേഷിന് വേണ്ടത്, നീതിയാണ്. മകള്‍ മരിച്ച അച്ഛനോട് പോലും നീതിക്ക് വേണ്ടി നിലകൊള്ളാതെ, കുറ്റക്കാരെ സംരക്ഷിക്കാന്‍ ‘സംഘം’ എന്ന ലേബല്‍ ഉപയോഗിക്കുന്ന ഈ ക്രൂരതയ്ക്ക് എന്ത് പേരാണ് വിളിക്കേണ്ടതെന്ന് സന്ദീപ് വാര്യര്‍ ചോദിച്ചു. മറ്റേതെങ്കിലും സമുദായം നടത്തുന്ന സ്‌കൂളിലായിരുന്നു ഈ ദാരുണ സംഭവം നടന്നതെങ്കില്‍ ഇപ്പോള്‍ അവിടെ ഈ നേതാക്കള്‍ താണ്ഡവമാടുമായിരുന്നു. എന്നാല്‍ സ്വന്തം സ്‌കൂളായപ്പോള്‍ കുറ്റവാളികളെ വെള്ളപൂശാനും രാജേഷിന്റെ കുടുംബത്തിനെതിരെ സൈബര്‍ ഗുണ്ടകളെ വിട്ട് അധിക്ഷേപിക്കാനുമാണ് ഇവര്‍ തുനിഞ്ഞതെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു

















































