എവറസ്റ്റ് കീഴടക്കിയ പല രാജ്യങ്ങളുടേയും പേരുകൾ നമ്മൾ കേഴ്ക്കുകയും പഠിക്കുകയും ചെയ്തു. അതിൽ ഇന്ത്യക്കാരികളുമുണ്ട്. എന്നാൽ ഒരു മലയാളി…, അതിനുള്ള കാത്തിരിപ്പിന് അവസാനമായിരിക്കുകയാണ്. തന്റെ ഇച്ഛാശക്തി കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വിജയ പതാക നാട്ടിയത് മറ്റാരുമല്ല കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീന ലത്തീഫാണ്. ഇതോടെ ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെ കാൽചുവട്ടിലാക്കിയ ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടവും ഇവർ സ്വന്തമാക്കി. നേപ്പാൾ സമയം രാവിലെ 10:25 ന്, 20 മണിക്കൂറിലധികം തണുത്തുറഞ്ഞ താപനിലയെയും ശക്തമായ കാറ്റിനെയും മറികടന്ന് 8,848 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ സഫ്രീന എത്തി.
ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ സർജനായ ഭർത്താവ് ഡോ. ഷമീൽ മുസ്തഫയ്ക്കും മകൾ മിൻഹയ്ക്കുമൊപ്പം 2001 മുതൽ ഖത്തറിലാണ് സഫ്രീന താമസിക്കുന്നത്. സഫ്രീനയ്ക്കൊപ്പം ഭർത്താവുമുണ്ടായിരുന്നു. എന്നാൽ, ഇടയ്ക്ക് ഡോ. ഷമീൽ പരുക്കിനെ തുടർന്ന് എവറസ്റ്റ് സ്വപ്നത്തിന് താൽകാലിക അവധി നൽകി. പക്ഷെ തന്റെ സ്വപ്നം വേണ്ടെന്നു വയ്ക്കാൻ സഫ്രീന തയാറായില്ല. അതി കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കി ഈ ഏപ്രിൽ 12നാണ് സഫ്രീന ദോഹയിൽ നിന്നും നേപ്പാളിലേക്ക് യാത്രയായത്.
അതേസമയം കിളിമഞ്ചാരോ കൊടുമുടി കീഴടക്കികൊണ്ടായിരുന്നു ഇരുവരുടെയും തുടക്കം. ശേഷം, അർജൻറീനയിലെ അകോൺകാഗ്വ (6961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5642 മീറ്റർ) എന്നിവയും കീഴടക്കിയാണ് എവറസ്റ്റിനായി ഇരുവരും ഒരുങ്ങിയത്.
വർഷങ്ങൾ നീണ്ട പരിശീലനത്തിന്റെയും അഭിനിവേശത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് സഫ്രീന പറയുന്നു. ഭർത്താവിനൊപ്പം ടാൻസാനിയയിലെ കിളിമഞ്ചാരോ (5,895 മീറ്റർ), അർജന്റീനയിലെ അക്കോൺകാഗ്വ (6,961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) എന്നീ പർവതങ്ങൾ സഫ്രീന കീഴടക്കിയിട്ടുണ്ട്. കസാക്കിസ്ഥാനിൽ ഉയർന്ന ഉയരത്തിലുള്ള ഐസ് പരിശീലനവും സഫ്രീന പൂർത്തിയാക്കിയിട്ടുണ്ട്.
കടുത്ത മഞ്ഞും, ദുർഘട പാതകളും താണ്ടിയായിരുന്നു മണിക്കൂറുകൾ നീണ്ട സഫ്രീനയുടെ മലകയറ്റം. അവിടെ നിന്നും, 12 മണിക്കൂറോളം വീണ്ടും കൊടുമുടിയേറി നാലാം ക്യാമ്പിലേക്ക്. നാലു മണിക്കൂർ വരെ വിശ്രമിച്ച ശേഷം, 14 മണിക്കൂർ അതിസാഹസികത നിറഞ്ഞ പാതകളും പിന്നിട്ടായിരുന്നു കൊടുമുടിയുടെ ഉച്ചിയിലെത്തിയത്. ആദ്യമായി എവറസ്റ്റ് കീഴടക്കിയ വനിത ജപ്പാൻ കാരി ജുൻകോ തബെയും (1975) , ഇന്ത്യയിൽ നിന്നും ആദ്യമായി എവറസ്റ്റ് കീഴടക്കിയത് ഉത്തരഖാണ്ട് സ്വദേശിനിയായ ബജെന്ദ്രി പാലുമാണ് (1984).
വലിയ നേട്ടം കാൽചുവട്ടിലാക്കാൻ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും, തന്നെ കൊടുമുടിയിലെത്താൻ സഹായിച്ച പര്യവേഷണ സംഘമായ എലൈറ്റ് എക്സ്പെഡിനും അവർ നന്ദി പറഞ്ഞു. വേങ്ങാട് കെ.പി. സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൽ ലത്തീഫിൻെറയും മകളാണ് സഫ്രീന. മിൻഹ മകളാണ്.