തിരുവനന്തപുരം: ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്നാണെന്ന് വ്യവസായി വിനീത് ജെയിന്റെ വെള്ളിപ്പെടുത്തൽ ഉണ്ണികൃഷ്ണൻ പോറ്റിയടക്കമുള്ള എട്ടംഗ സംഘം രണ്ട് കാറുകളിലായാണ് ശ്രീരാംപുരയിൽ നിന്ന് ശബരിമലയ്ക്ക് പോയത്. അവരോടൊപ്പം താനും പോയി. ദ്വാരപാലക ശിൽപ്പമാണ് കാറിലെന്ന് കാറിലുളള ചിലർ പറഞ്ഞിരുന്നുവെന്നും വിനീത്. എന്നാൽ പാളികൾ സ്വർണമാണോ, ചെമ്പാണോ, വെളളിയാണോ എന്നൊന്നും തനിക്കറിയില്ലെന്നും വിനീത് ജെയിൻ പറഞ്ഞു.
അതേസമയം സ്വർണം പൂശിയ പാളി ചെന്നൈയിൽ നിന്ന് നേരിട്ട് ശബരിമലയിലേക്ക് എത്തിക്കുകയല്ല ചെയ്തതെന്ന സ്ഥിരീകരിക്കുന്ന വെളിപ്പെടുത്തലാണ് വിനീത് ജെയിൻ നടത്തിയത്.
വിനീത് ജെയിൻറെ വാക്കുകൾ ഇങ്ങനെ
‘തിരുവോണ ദിനത്തോടനുബന്ധിച്ചാണ് ഞങ്ങൾ ശബരിമലയിലേക്ക് പോയതെന്നാണ് ഒരു ഓർമ്മ. രണ്ട് കാറുകളിലായാണ് ശ്രീരാംപുരയിൽ നിന്ന് ശബരിമലയിലേക്ക് പോയത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി സൗഹൃദ ബന്ധം മാത്രമാണ് എനിക്കുളളത്. സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഞാൻ പണം നൽകിയിട്ടില്ല. ഉണ്ണിക്കൃഷ്ണൻ പോറ്റി, രമേശ് റാവു എന്നിവർ ഉൾപ്പെടെ എട്ടുപേരാണ് കാറിലുണ്ടായിരുന്നത്.
ഒരുദിവസം രാവിലെ ആറുമണിക്ക് കാറിൽ ഞങ്ങൾ ശ്രീരാംപുരയിൽ നിന്ന് പുറപ്പെട്ടു. ശബരിമലയിലേക്ക് പോകുന്നുണ്ട്, വരുന്നോ എന്ന് എന്നോട് ചോദിച്ചിരുന്നു. അതിൽ കൂടുതൽ എനിക്ക് ഒന്നുമറിയില്ല. ദ്വാരപാലക ശിൽപ്പമാണ് കാറിലുളളതെന്ന് കാറിലെ ചിലർ പറഞ്ഞിരുന്നു. അത് സ്വർണമാണോ ചെമ്പാണോ വെളളിയാണോ എന്നൊന്നും എനിക്കറിയില്ല’.
അതേസമയം 1998 ലാണ് വ്യവസായി വിജയ് മല്യ 30.3 കിലോ സ്വർണം ശബരിമലയ്ക്ക് നൽകിയത്. ശബരിമല ശ്രീ കോവിലിലും ദ്വാരപാലക ശിൽപങ്ങളിലും പീഠങ്ങളിലും സ്വർണം പൊതിയാനായിരുന്നു ഇത്. പിന്നീട് 2019ൽ ദ്വാരപാലകശിൽപങ്ങളുടെ തിളക്കം മങ്ങിയെന്നു ചൂണ്ടിക്കാട്ടി വീണ്ടും സ്വർണം പൂശാൻ തീരുമാനിക്കുകയും അതു ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപിക്കുകയുമായിരുന്നു.
2019 ജൂലൈ മാസം തിരുവാഭരണ കമ്മീഷണർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, തന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണംപൂശിയ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ കൊടുത്തയച്ചു. ഇത് പിന്നീട് തൂക്കി നോക്കിയപ്പോൾ നാല് കിലോയുടെ കുറവ് അനുഭവപ്പെട്ടു. പിന്നീട് തിരുവാഭരണ കമ്മീഷന്റെ സാന്നിധ്യത്തിൽ സ്വർണം പൂശുകയും തിരികെ സന്നിധാനത്ത് എത്തിക്കുകയുമായിരുന്നു.
എന്നാൽ വീണ്ടും സ്വർണപ്പാളികൾക്ക് മങ്ങലേറ്റു. ഇതോടെ അറ്റകുറ്റപ്പണികൾക്കായി വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയി. ഇത് തന്റെ അറിവോടെയല്ല എന്ന് കാണിച്ച് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലയാണ് പീഠ വിവാദം പൊങ്ങിവന്നത്.