കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി 18-ന് വിധി പറയും. ജാമ്യാപേക്ഷയെ പ്രത്യേക അന്വേഷണസംഘം എതിർത്തു. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ ജാമ്യം നൽകുന്നത് ഉചിതമാകില്ലയെന്നാണ് വിലയിരുത്തൽ.ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും. ഇതിനുശേഷം മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന്റെ ജാമ്യാപേക്ഷയും പരിഗണിക്കും. രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ട് 90 ദിവസം പൂർത്തിയായിട്ടുണ്ട്. മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ റിമാൻഡ് 24 വരെ നീട്ടി.
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ കണ്ഠര് രാജീവരുടെ പേരിൽ 2.05 കോടിയുടെയും ഭാര്യയുടെ പേരിൽ 62 ലക്ഷം രൂപയുടെയും നിക്ഷേപമുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. ഇതുസംബന്ധിച്ച വിവരങ്ങളൊന്നും ആദായനികുതി വകുപ്പിനെ അറിയിച്ചിട്ടില്ല. 2024-25 സാമ്പത്തികവർഷം തിരുവിതാംകൂർ ദേവസ്വം ബോർഡിൽനിന്ന് 7.25 ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്നതിനാൽത്തന്നെ തന്ത്രിയെ പൊതുസേവകനായി പരിഗണിക്കുമെന്നും അഴിമതി നിരോധനനിയമം അദ്ദേഹത്തിനും ബാധകമാണെന്നും പ്രോസിക്യൂട്ടർ സിജുരാജൻ വാദിച്ചു.
അതേസമയം, ശബരിമല സ്വർണക്കൊള്ളയ്ക്കു പിന്നിൽ പുരാവസ്തു തട്ടിപ്പിനുള്ള സാധ്യത തള്ളി പ്രത്യേക അന്വേഷണ സംഘം. സ്വർണം പൂശാനായി കൊണ്ടുപോയ പാളികൾ അതേപടി കടത്തിയെന്ന നിഗമനത്തിലാണ് ആദ്യം അന്വേഷണം നീങ്ങിയത്. പൗരാണികമൂല്യമുള്ള പാളികൾക്ക് സംസ്ഥാനത്തിനു പുറത്ത് വൻ മൂല്യം കിട്ടാനിടയുണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണം. എന്നാൽ അത്തരമൊരു ഇടപാട് നടന്നതായി കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികളുടെ മൊഴികളിൽ ചെമ്പുപാളികളിലെ പഴയ സ്വർണം മാറ്റിയ ശേഷം പുതിയത് പൂശിയെന്നാണുള്ളത്. ഇത് തെറ്റാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന.
ശബരിമലയിലെ ഗുരുതര ക്രമക്കേടുകളെക്കുറിച്ചുള്ള വ്യക്തമായ തെളിവുകൾ വിജിലൻസിനു ലഭ്യമായിട്ടുണ്ട്. കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന ചെയ്തവരുടെ പേരിനു പകരം മഹസറിൽ രേഖപ്പെടുത്തിയിരിക്കുന്നത് ‘ഭക്തനെ’ന്നുമാത്രമാണ്. സ്വർണം നൽകിയവർക്ക് രസീത് കൊടുത്തിട്ടില്ലെന്നും ആര്, എത്ര അളവിൽ നൽകിയെന്നതിനു രേഖയോ വ്യക്തതയോ ഇല്ലെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തി. പഴയകൊടിമരത്തിലെ മൂന്ന് ആലിലകളിൽ ഒരെണ്ണം നഷ്ടപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.
ഓരോ ദിവസവും ലഭിച്ച സ്വർണത്തിന്റെ മൊത്തം തൂക്കമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊടിമരനിർമാണത്തിന് ആരിൽനിന്നും സ്വർണം സംഭാവനയായി സ്വീകരിച്ചില്ലെന്ന് അന്നത്തെ ദേവസ്വംബോർഡംഗം അജയ് തറയിൽ വാദിക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ വിജിലൻസിന്റെ റിപ്പോർട്ടെത്തിയത്. ഹൈദരാബാദിലെ ഫീനിക്‌സ് എന്ന സ്ഥാപനം മൂന്നുകോടിയിലേറെ രൂപ ചെലവിട്ടിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.
ദേവസ്വത്തിന്റെ മഹസർ പ്രകാരം സ്വർണം സ്വീകരിച്ചത് കൊടിമരനിർമാണ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന അഡ്വക്കേറ്റ് കമ്മിഷൻ എ.എസ്.പി. കുറുപ്പാണ്. സ്വർണം സ്വീകരിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തി ബോർഡ് ഉത്തരവിറക്കിയിട്ടില്ല. വാങ്ങിയ സ്വർണം പിന്നീട് തിരുവാഭരണം കമ്മിഷണറെ എൽപ്പിക്കുകയായിരുന്നു. കുറുപ്പ് നൽകിയ പട്ടിക പ്രകാരം സെലിബ്രിറ്റികൾ ഉൾപ്പെട്ട വി.ഐ.പി.മാരടക്കം 27 പേരാണ് സ്വർണം നൽകിയത്. വിശദാംശങ്ങൾ ഇല്ലാത്തതിനാൽ ഇവരെ നേരിൽക്കണ്ടുള്ള അന്വേഷണം വേണമെന്ന് വിജിലൻസ് പറയുന്നു.
നടൻ സുരേഷ് ഗോപി, സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് സുരേഷ് കുമാർ തുടങ്ങിയവരുടെ പേരുകൾ മഹസറിലുണ്ടെങ്കിലും സ്വർണം നൽകിയ മറ്റാളുകളുടെ പേരില്ല. കൊടിമരം നിർമിക്കാൻ സിനിമാമേഖലയിലെ കൂടുതലാളുകൾ സ്വർണം നൽകിയെന്ന വിവരവും പുറത്തുവന്നിട്ടുമുണ്ട്. ചലച്ചിത്ര താരങ്ങളിൽനിന്നടക്കം 412.010 ഗ്രാം സ്വർണമാണ് ലഭിച്ചത്. സംഭാവനായി കിട്ടുന്ന സ്വർണം ഉൾപ്പെടെയുള്ള സാധനങ്ങൾ പ്രത്യേകം രേഖയാക്കി സൂക്ഷിക്കണമെന്നും സ്റ്റോക്കിൽ വരവുവെക്കണമെന്നുമുള്ള ബോർഡ് ഉത്തരവ് പാലിച്ചില്ലെന്നും വിജിലൻസ് കുറ്റപ്പെടുത്തുന്നു.
















































