തിരുവനന്തപുരം: സർക്കാരിനെ തന്നെ പിടിച്ചുകുലുക്കിയ ശബരിമല സ്വർണക്കൊള്ള പുറം ലോകമറിയുന്നത് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ദ്വാരപാലകശിൽപങ്ങളിലെ പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയതു മുതലാണെന്നു പറയാം. അനുമതിയില്ലാതെയാണെന്നു പാളികൾ കൊണ്ടുപോയതെന്നു ദേവസ്വം സ്‌പെഷൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഏറെ വിവാദമായ ശബരിമല സ്വർണക്കവർച്ച കേസിനു അവിടെ തുടക്കമായി. ശ്രീകോവിലിലെ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട 2018 മുതലുള്ള മുഴുവൻ രേഖകളും ഹാജരാക്കാൻ ദേവസ്വം ബോർഡിനു ഹൈക്കോടതി നിർദേശം നൽകി. തുടർന്ന് രേഖകൾ പരിശോധിച്ചപ്പോൾ പാളികളുടെ തൂക്കത്തിൽ വ്യത്യാസം കണ്ടെത്തിയ കോടതി, വിഷയം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു.
സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ തുടങ്ങിയ അറസ്റ്റ്, ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമാരായ എൻ വാസു, എ പത്മകുമാർ എന്നിവരിലേക്ക് വരെ നീണ്ടതിന് പിന്നാലെയാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ അവസാന വാക്കായിരുന്ന തന്ത്രി കണ്ഠരര് രാജീവരിലേക്കും എത്തിനിൽക്കുന്നത്.
സ്‌പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റോടെയാണ് സ്വർണക്കൊള്ള പുറത്തെത്തി തുടങ്ങിയത്. ദ്വാരപാലകശിൽപങ്ങളുടെ പീഠം താൻ ശബരിമലയിലേക്കു നൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് അതു കാണാനില്ലെന്നും പോറ്റി പറഞ്ഞു. പിന്നീട് പീഠം ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽനിന്നു തന്നെ അതു കണ്ടെത്തി. തുടർന്നു നടന്ന അന്വേഷണത്തിലാണ് 2019ൽ സമാനമായി ദ്വാരപാലക ശിൽപങ്ങൾ കൊണ്ടുപോയെന്നും സ്വർണം പൂശിയത് എന്നത് ഒഴിവാക്കി ചെമ്പുപാളികൾ എന്നു രേഖപ്പെടുത്തിയാണ് ചെന്നൈയിലെ സ്മാർട് ക്രിയേഷൻസിൽ എത്തിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തിയത്.
നാൾ വഴികൾ
. 2019 ൽ ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപങ്ങളും ശ്രീകോവിലിന്റെ കട്ടിളയും സ്വർണം പൂശാനായി ചെന്നൈയിലേക്കു കൊണ്ടുപോയതിൽ വൻ ക്രമക്കേട് നടന്നതായി ഹൈക്കോടതി കണ്ടെത്തി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൂടാതെ പ്രത്യേക അന്വേഷണം സംഘം (എസ്‌ഐടി) രൂപീകരിച്ചു.
∙ പിന്നാലെ ശിൽപങ്ങളിലെ സ്വർണം പൂശലും നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ നിർമാണം, സ്വർണ ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തി എസ്‌ഐടി കേസെടുത്തു.
∙ ഒക്ടോബർ 17– സ്വർണക്കവർച്ചയുടെ ഇടനിലക്കാരൻ എന്നു കരുതപ്പെടുന്ന മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. ദ്വാരപാലക ശിൽപത്തിലെയും കട്ടിളപ്പാളിയിലെയും സ്വർണ മോഷ്ടിച്ചുവെന്ന കേസിൽ ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി.
∙ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥർക്കും ബോർഡ് മുൻ അംഗങ്ങൾക്കും കേസിൽ പങ്കുണ്ടെന്നു കണ്ടെത്തൽ.
. ദേവസ്വം ബോർഡ് മുൻ അഡ്മിന്സ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബു ആണ് കേസിൽ രണ്ടാമത് അറസ്റ്റിലായത്. ഒക്ടോബർ 23നായിരുന്നു മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപലകക്കേസിലും കട്ടിളപ്പാളിക്കേസിലും പ്രതിയാണ് മുരാരി ബാബു.
. നവംബർ ഒന്നിന് ശബരിമല മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാർ അറസ്റ്റിലായി. പാളികളിൽ സ്വർണ പൊതിഞ്ഞെന്ന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് ഇയാൾക്കെതിരായ കേസ്.
. നവംബർ ആറിന് മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു അറസ്റ്റിലായി. സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയെന്നാണ് ബൈജുവിനെതിരായ കണ്ടെത്തൽ.
. നവംബർ 11ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും ദേവസ്വം മുൻ കമ്മീഷണറുമായ എൻ വാസു അറസ്റ്റിലായി. സ്വർണക്കവർച്ചയ്ക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തുവെന്ന കണ്ടെത്തലിനെ തുടർന്നാണ് വാസുവിനെ അറസ്റ്റ് ചെയ്തത്.
. നവംബർ 20ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ അറസ്റ്റിലായി. ഗുരുതരമായ ഔദ്യോഗിക കൃത്യവിലോപം വഴി പത്മകുമാർ സ്വർണക്കൊള്ളയ്ക്കു വഴിവെച്ചുവെന്നാണ് കണ്ടെത്തൽ
. ഡിസംബർ 17ന് ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ അറസ്റ്റിലായി. ദ്വാരപാലക ശിൽപ കേസിലാണ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. ദ്വാരപാലക പാളികൾ കൈമാറുമ്പോൾ സാക്ഷിയായി ഒപ്പിട്ടത് അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന എസ് ശ്രീകുമാറാണെന്നാണ് കണ്ടെത്തൽ.
. ഡിസംബർ 19ന് സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി അറസ്റ്റിലായി.
. 19ന് തന്നെ ബെല്ലാരിയിലെ ജ്വല്ലറിയുടമ ഗോവർധനും അറസ്റ്റിലായി. വൻ കവർച്ച നടത്താനായി പങ്കജ് ഭണ്ഡാരിയും ഗോവർധനും പോറ്റിയും ചേർന്ന് ആസൂത്രണം നടത്തിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.
. ഡിസംബർ 29ന് ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാർ അറസ്റ്റിലായി. സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടതിന് ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തമുണ്ടെന്ന ഹൈക്കോടതി നിരീക്ഷണവും സമാനമായ പത്മകുമാറിൻ്റെ മൊഴിയുമാണ് എൻ വിജയകുമാറിന് കുരുക്കായത്.
ജനുവരി ഒൻപതിന് മുൻ തന്ത്രി താഴ്മൺമഠം കണ്ഠരര് രാജീവരും അറസ്റ്റിലായി.














































