മോസ്കോ: ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ സൈനിക ഇടപെടൽ നടത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യ. അമേരിക്ക നടത്താനുദ്ദേശിക്കുന്നച് വളരെ അപകടകരമായ നീക്കമാണെന്നും അത് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾക്ക് വഴി തുറക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അതുപോലെ ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ അത് വഴിവെക്കുന്നതു മറ്റൊരു ചെർണോബിൽ ദുരന്തത്തിനായിരിക്കുമെന്നു റഷ്യയുടെ ആണവോർജ്ജ കോർപ്പറേഷൻ മേധാവിയും ഇസ്രയേലിനു മുന്നറിയിപ്പ് നൽകി. ബുഷെഹർ സൈറ്റിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈനിക വക്താവ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഒരു ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ ഈ വെളിപ്പെടുത്തൽ തെറ്റാണെന്നും പേർഷ്യൻ ഉൾക്കടലിന്റെ തീരത്തുള്ള ബുഷെഹർ സൈറ്റിൽ ആക്രമണം നടന്നുവെന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്ന് പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.
അതേസമയം ഇസ്രായേൽ- ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിനെ പരിഹസിച്ച് ട്രംപും രംഗത്തെത്തിയിരുന്നു. ആദ്യം സ്വന്തം രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായുരുന്നു ട്രംപിന്റെ മറുപടി.
ഇറാനെതിരെ ആയുധം പ്രയോഗിക്കരുതെന്നും അത്തരത്തിലുള്ള നീക്കം പശ്ചിമേഷ്യയെ പാടെ തകർക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ധരിപ്പിച്ചതായി റഷ്യയുടെ വിദേശകാര്യ സഹമന്ത്രി സെർഗി റിബ്‌കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള ആക്രമണം ആണവ ദുരന്തത്തിന് കാരണമായേക്കാമെന്നും റഷ്യ പറഞ്ഞു. അതേസമയം ജനുവരിയിൽ ഇറാനുമായി തന്ത്രപരമായ പങ്കാളിത്തക്കരാറിൽ റഷ്യ ഒപ്പുവെച്ചിരുന്നു. ഇസ്രായേൽ വ്യോമാക്രമണങ്ങളെത്തുടർന്ന് ഇറാന് സൈനിക സഹായം നൽകുന്നതിൽ നിന്ന് റഷ്യ വിട്ടുനിന്നു, ഇസ്രയേലുമായും റഷ്യ ബന്ധം പുലർത്തുന്നുണ്ട്.
പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം, ഇരു നേതാക്കളും ഇസ്രായേലിന്റെ നടപടികളെ ശക്തമായി അപലപിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമായി പരിഹാരം കാണണമെന്ന് ഇരു രാജ്യങ്ങളും വാദിക്കുന്നുണ്ടെന്ന് പുടിന്റെ സഹായി യൂറി ഉഷാക്കോവ് സൂചിപ്പിച്ചു.
















































