ടെഹ്‌റാൻ: മധ്യേഷ്യയിലെ സംഘർഷത്തിൽ റഷ്യയും ചൈനയും ഇറാനെ സൈനിക സഹകരണത്തിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും സഹായിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയ്ക്കും ഇസ്രയേലും എതിരായ യുദ്ധത്തിൽ റഷ്യയും ചൈനയും തങ്ങളെ സഹായിക്കുന്നുണ്ടെന്ന് ഇത് ആദ്യമായാണ് ഇറാൻ തുറന്നുസമ്മതിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളും ഇറാന്റെ നിർണായക പങ്കാളികളാണെന്ന് (strategic partners) അരാഗ്ചി വ്യക്തമാക്കി.
ഇറാനിലെ എണ്ണക്കമ്പനികൾക്കോ ഊർജ്ജ സ്രോതസ്സുകൾക്കോ നേരെ ആക്രമണമുണ്ടായാൽ അമേരിക്കൻ ഉടമസ്ഥതയിലുള്ള പ്രാദേശിക ആസ്തികൾക്ക് നേരെ തിരിച്ചടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് പൂർണ്ണമായി തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും യുഎഇ വഴി തങ്ങൾക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും അരാഗ്ചി ആരോപിച്ചു.
ഇറാനും റഷ്യയും ചൈനയും തമ്മിൽ രഹസ്യമായി സൈനിക സഹകരണത്തിൽ ഏർപെട്ടിട്ടുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെതന്നെ ആരോപിച്ചിരുന്നു. ഇത് സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഇറാന്റെ വിദേശകാര്യമന്ത്രി ഇന്ന് പങ്കുവെച്ചത്. ‘ചൈനയും റഷ്യയും ഇറാന്റെ തന്ത്രപ്രധാന പങ്കാളികളാണ്, സംഘർഷത്തിൽ അവർ സഹകരണം നൽകുന്നുണ്ട്. അതിൽ സൈനിക സഹകരണവും ഉൾപ്പെടുന്നു.’ MS NOW-ന് നൽകിയ അഭിമുഖത്തിൽ അരാഗ്ചി പറഞ്ഞു.
മുൻകാലങ്ങളിലും തങ്ങൾ തമ്മിൽ അടുത്ത സഹകരണമുണ്ടായിരുന്നുവെന്നും അത് ഇന്നും തുടരുന്നുണ്ടെന്നും ഇതിൽ സൈനിക സഹായവും ഉൾപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും ഈ രാജ്യങ്ങളുമായി നല്ല സഹകരണമാണ് ഇറാൻ പുലർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ചൈനയിൽ നിന്നും റഷ്യയിൽ നിന്നും രാജ്യം സ്വീകരിക്കുന്ന സഹകരണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.
ഹോർമുസ് കടലിടുക്ക് (On Strait of Hormuz) പൂർണമായി തുറക്കാൻ ഉടനെയൊന്നും ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നും അരാഗ്ചി വ്യക്തമാക്കി. ഇന്ധനക്ഷാമത്തെക്കുറിച്ചും വിലവർദ്ധനവിനെക്കുറിച്ചും വിശദീകരിച്ച അദ്ദേഹം, ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കടന്നുപോകുന്ന ഖാർഗ് ദ്വീപിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക അടുത്തിടെ നടത്തിയ ആക്രമണത്തിന്റെ ആഘാതത്തെക്കുറിച്ചും പരാമർശിച്ചു.
‘ഞങ്ങളുടെ എണ്ണ-ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുമെന്ന് ഞങ്ങളുടെ സായുധ സേന ഇതിനകം മറുപടി നൽകിയിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഒരു അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ ഒരു അമേരിക്കൻ കമ്പനിക്ക് ഓഹരിയുള്ളതോ ആയ മേഖലയിലെ ഏത് ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിനും നേരെ അവർ ആക്രമണം നടത്തും. അതിനാൽ ഞങ്ങളുടെ പ്രതികരണം വ്യക്തമായിരിക്കും.’ ഇറാന്റെ സൈനിക ശക്തിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
യുഎഇയുടെ മണ്ണിൽ നിന്ന് അമേരിക്കയുമായി ചേർന്ന് ടെഹ്റാനിൽ ആക്രമണം നടത്തിയതിന് അദ്ദേഹം യുഎഇയെ കുറ്റപ്പെടുത്തി. ഇറാനെതിരെ റോക്കറ്റുകൾ വിക്ഷേപിക്കാൻ ജനസാന്ദ്രതയുള്ള പ്രദേശങ്ങൾ ഉപയോഗിക്കുന്നത് അപകടകരമാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കൂട്ടിച്ചേർത്തു.‘















































